ന്യൂയോർക്ക്: സമൂഹമാധ്യമമായ ട്വിറ്ററിലെ നീല ടിക്കിനു പണം ഈടാക്കുന്ന തീരുമാനം പ്രാബല്യത്തിൽ. പ്രതിമാസം എട്ട് ഡോളറാണ് (ഏകദേശം 655 രൂപ)നിശ്ചയിച്ച നിരക്ക്. ഇത് ശനിയാഴ്ച നിലവിൽ വന്നു. ആപ്പിളിലെ ഐ.ഒ.എസ് ഉപയോഗിക്കുന്നവർക്ക് നീല ചെക്ക്മാർക്ക് സ്വീകരിക്കാമെന്ന് പ്രഖ്യാപിച്ചാണ് ട്വിറ്റർ വരിസംഖ്യയുടെ കാര്യം പുറത്തുവിട്ടത്. ഇന്ത്യയിലെ നിരക്കിന്‍റെ കാര്യം വ്യക്തമല്ല.

ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല സ്ഥാപകനുമായ ഇലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെയാണ് നടപടി. തുക ഈടാക്കുന്ന കാര്യം കഴിഞ്ഞ ദിവസം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

”പരാതിയുള്ളവർക്ക് അതുമായി മുന്നോട്ടുപോകാം. നീല ടിക് ലഭിക്കണമെങ്കിൽ മാസം എട്ട് അമേരിക്കൻ ഡോളർ വീതം നൽകേണ്ടി വരും. പണം നൽകി ആധികാരിതക ഉറപ്പാക്കൂ”- എന്നായിരുന്നു ട്വീറ്റ്.

പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകൾ തിരിച്ചറിയാനാണ് ബ്ലൂ ടിക് ഉപയോഗിക്കുന്നത്. 90 ദിവസം സമയം നൽകിയിട്ടും പണം അടച്ചില്ലെങ്കിൽ അവരുടെ അക്കൗണ്ടുകളിൽനിന്ന് ബ്ലൂ ടിക് ബാഡ്ജുകൾ നഷ്ടമാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഔദ്യോഗിക തീരുമാനം വന്നിരുന്നില്ല. ഏറെ നാടകീയ നീക്കങ്ങൾക്കൊടുവിൽ 3.62 ലക്ഷം കോടി രൂപയ്ക്കാണ് (4400 കോടി ഡോളർ) മസ്ക് ട്വിറ്റർ വാങ്ങിയത്.