വാഷിങ്ടൺ: കോവിഡിന്റെ പേരിൽ സിൻസിന്നാട്ടിയിൽ ഏഷ്യൻ-അമേരിക്കൻ വംശജന് മർദനമേറ്റ സംഭവത്തിൽ യു.എസ് പൊലീസ് ഒഹിയോ വംശജനെതിരെ കുറ്റം ചുമത്തി. വംശീയ കുറ്റം ചുമത്തിയാണ് ഡാരിൻ ജോൺസണെതിരെ(26)​പൊലീസ് കേസെടുത്തത്.

ബുധനാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിൻസിന്നാട്ടി യൂനിവേഴ്സിറ്റിയിലെ കാൽഹൂൻ നഗരത്തിൽ വെച്ച് 2021 ആഗസ്റ്റ് 17നാണ് സംഭവം നടന്നത്. നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുപോകൂ…നിങ്ങളാണ് കുങ് ഫ്ലൂ ഇവിടേക്ക് കൊണ്ടുവന്നത്. നിങ്ങൾ മരിക്കാൻ പോവുകയാണ്”-എന്നായിരുന്നു യുവാവ് വിദ്യാർഥിക്കു നേരെ ആ​ക്രോശിച്ചത്. കോവിഡിന്റെ പേരു പറഞ്ഞായിരുന്നു അധിക്ഷേപം.

ഏറ്റുമുട്ടലിന് തയാറാണോ എന്ന് ചോദിച്ച് ജോൺസൺ വിദ്യാർഥിയെ വെല്ലുവിളിക്കുകയും ചെയ്തു. തുടർന്ന് ജോൺസൺ വിദ്യാർഥിയുടെ തലക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിദ്യാർഥി നിലത്തേക്ക് വീണു. തല റോഡരികിൽ പാർക്ക് ചെയ്ത കാറിൽ ഇടിക്കുകയും ചെയ്തു. വിദ്യാർഥിയെ കൊല്ലുമെന്നും ജോൺസൺ ഭീഷണിപ്പെടുത്തി. കുറ്റം തെളിഞ്ഞാൽ ജോൺസണ് 10 വർഷം തടവ് ശിക്ഷ ലഭിക്കും.