തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന് പിന്തുണയുമായി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്ത് ചോർച്ചയിൽ ആഭ്യന്തര അന്വേഷണത്തിന്‍റെ കാര്യമില്ല. പാർട്ടിയിലെ വിഭാഗീയത മാധ്യമങ്ങളുടെ പ്രചാര വേലയാണ്. മേയർ രാജിവയ്ക്കേണ്ട കാര്യമില്ലെന്നും നാഗപ്പൻ പറഞ്ഞു.

പാർട്ടി നിർദേശ പ്രകാരം ആണ് മേയർ പരാതി നൽകുന്നത്. ഡി.ആർ. അനിലിന്‍റെ കത്തിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. വിവാദം ഒഴിവാക്കാനാണ് നിയമനം എംപ്ലോയിമെന്‍റ് എക്സ്ചേഞ്ച് വഴി ആക്കിയത്. സംസ്ഥാന നേതൃത്വത്തെ വിഷയം ധരിപ്പിച്ചിട്ടുണ്ടെന്നും നാഗപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.