വാഷിംഗ്‌ടണ്‍: പ്രതിഷേധ മാര്‍ച്ചിനിടെ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റ സംഭവത്തില്‍ പ്രതികരിച്ച് അമെരിക്ക. രാഷ്ട്രീയത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും ജനാധിപത്യവും സമാധാനപരവുമായ പാകിസ്ഥാനോട് അമേരിക്ക പ്രതിജ്ഞാബദ്ധരാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെന്‍ പറഞ്ഞു.

‘രാഷ്ട്രീയ റാലിയിക്കിടെ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മറ്റുള്ളവര്‍ക്കും നേരെ വെടിവെച്ച സംഭവത്തെ അമേരിക്ക ശക്തമായി അപലപിക്കുന്നു. ഇമ്രാന്‍ ഖാനും പരിക്കേറ്റ മറ്റുള്ളവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ഞങ്ങള്‍ ആശംസിക്കുന്നു, കൂടാതെ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തെ ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു.’ ആന്‍റണി ബ്ലിങ്കെന്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ അക്രമത്തിന് സ്ഥാനമില്ല, അക്രമം, ഭീഷണിപ്പെടുത്തല്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞങ്ങള്‍ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു.എന്നും അദേഹം പറഞ്ഞു.

കാലില്‍ വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇമ്രാന്‍ ഖാന്‍ അപകടനില തരണം ചെയ്‌തിരുന്നു. പതിമൂന്നോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇമ്രാന്‍റെ രണ്ടുകാലുകളിലും വെടിയേറ്റതായാണ് റിപ്പോർട്ടുകൾ. നവീദ് മുഹമ്മദ് ബഷീര്‍ എന്നയാളാണ് ഇമ്രാന്‍ ഖാന് നേരെ വെടി ഉയര്‍ത്തിയത്. താന്‍ ഇമ്രാന്‍ ഖാനെ കൊല്ലാന്‍ വേണ്ടിത്തന്നെ വന്നതാണെന്നും മുന്‍ പ്രധാനമന്ത്രി ദൈവനിന്ദ കാണിക്കുന്നെന്നും നവീദ് മുഹമ്മദ് പറഞ്ഞു.