മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്റർ എലോൺ മസ്‌ക് ഏറ്റെടുത്തതിന് ശേഷം ഏകദേശം 3,700 ജീവനക്കാരെ പിരിച്ചുവിട്ട വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു.  ആകെ ജീവനക്കാരുടെ പകുതിയോളം വരും ഇത്. സംഭവത്തിന് പിന്നാലെ സാൻ ഫ്രാൻസിസ്കോ ഫെഡറൽ കോടതിയിൽ ട്വിറ്ററിനെതിരെ വ്യാഴാഴ്‌ച ഒരു ലോസ്യൂട്ട് ഫയൽ ചെയ്‌തതായി ബ്ലൂംബെർഗിന്റെ റിപ്പോർട്ട് അവകാശപ്പെടുന്നു.

അതേസമയം, കൂട്ട പിരിച്ചുവിടലിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് ട്വിറ്റർ അതിന്റെ ജീവനക്കാർക്ക് ഇമെയിലുകൾ അയച്ചിരുന്നു. ഔദ്യോഗിക ഇമെയിൽ സംവിധാനം ഉൾപ്പെടെയുള്ള ആന്തരിക സേവനങ്ങളിൽ നിന്ന് നിരവധി ജീവനക്കാരെ കമ്പനി നീക്കം ചെയ്‌തിട്ടുണ്ട്‌. വിരോധാഭാസമെന്നു പറയട്ടെ, ട്വിറ്ററിന്റെ ശമ്പളപ്പട്ടികയിൽ നിന്ന് തങ്ങളെ നീക്കം ചെയ്‌തതായി ഈ ജീവനക്കാർ ട്വിറ്ററിലൂടെ തന്നെയാണ് അറിയിച്ചത്. 

യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ട്വിറ്റർ ജീവനക്കാരോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയും, ഓഫീസിലേക്ക് വരേണ്ടെന്ന് അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. ജീവനക്കാർക്ക് ഓഫീസിലേക്കുള്ള പ്രവേശനം റദ്ദാക്കുകയുമുണ്ടായി എന്നാണ് റിപ്പോർട്ട്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണോ, അതോ നിലനിർത്തിയിട്ടുണ്ടോ എന്നത് ജീവനക്കാരെ അറിയിക്കുമെന്ന് ട്വിറ്ററിന്റെ ഇമെയിലിൽ പറയുന്നു.

നിലനിർത്തിയവർക്ക് ട്വിറ്റർ ഔദ്യോഗിക ഇമെയിലിൽ അറിയിപ്പ് നൽകും. നീക്കം ചെയ്യപ്പെട്ടവർക്ക്, അവരുടെ സ്വകാര്യ ഇമെയിൽ ഐഡികളിലേക്ക് ആയിരിക്കും സന്ദേശം എത്തുക. അതേസമയം, ജീവനക്കാർക്ക് ഇടയിൽ പിരിച്ചുവിടലുമായി ബന്ധപ്പെട്ട ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ട്. എന്നാൽ ജീവനക്കാരെ കമ്പനി നിരീക്ഷിച്ചു വരികയാണെന്ന് ട്വിറ്ററിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. 

പിരിച്ചുവിടലിനെക്കുറിച്ച് ട്വിറ്റർ ഇതുവരെ ഒരു പ്രസ്‌താവനയും പുറത്തുവിട്ടിട്ടില്ല. കമ്പനിയുടെ മൊത്തം ജീവനക്കാരിൽ 50 ശതമാനത്തെ പിരിച്ചുവിടാൻ തയ്യാറാണെന്നാണ് മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമായി ഏകദേശം 7500 ജീവനക്കാരാണ് ട്വിറ്ററിനുള്ളത്.