മധ്യപ്രദേശ് : ബലാത്സംഗം ചെയ്തവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂര്‍. ഖണ്ട്വ ജില്ലയില്‍ നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് താക്കൂറിന്‍റെ പരസ്യ പ്രസ്താവന. ബലാത്സംഗം ചെയ്തവരെ പരസ്യമായി തൂക്കിക്കൊല്ലണം. അപ്പോള്‍ അത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ ‌അവർ ഭയക്കുമെന്നും അവർ പറഞ്ഞു.

ഇത്തരം ക്രൂരമായ പ്രവൃത്തികളോട് മധ്യപ്രദേശ് സര്‍ക്കാര്‍ കര്‍ശനമായും ജാഗ്രതയോടെയും ഇടപെടുന്നു. ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണിത്. ഇതുവരെ 72 കുറ്റവാളികള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു. എന്നാല്‍ അതിനു ശേഷവും ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എങ്ങനെയാണ് ഒരാള്‍ക്ക് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാനാകുക ഇത്തരം കുറ്റവാളികളെ പൊതു ഇടങ്ങളില്‍ ശിക്ഷിക്കണമെന്ന് ഞാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് അഭ്യര്‍ത്ഥിക്കുകയാണ്. പ്രതിക്ക് ജയിലില്‍ വച്ച് വധശിക്ഷ നല്‍കും. പക്ഷേ എവിടെയാണ് ഇത് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല. അടുത്തിടെ ഇവിടെ നടന്ന ബലാത്സംഗ കേസുകളില്‍ പിടിക്കപ്പെട്ട രണ്ട് കുറ്റവാളികളെ ഖണ്ട്വ നഗരത്തിലെ ചത്വരത്തില്‍ വച്ച് പരസ്യമായി തൂക്കിക്കൊല്ലുകയാണെങ്കില്‍, അത്തരം ആളുകള്‍ ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് ആയിരം തവണ ആലോചിക്കും അതാണ് വേണ്ടതെന്നും അവർ കൂട്ടി്ചചേർത്തു.

അടുത്തിടെ നാല് വയസ്സുകാരിയെ ബലാത്സഗം ചെയ്ത് കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ച സംഭവം  ഖണ്ട്വയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച ഫാമിലെ കുറ്റിക്കാട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടി ഇന്‍ഡോറിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേസമയം മറ്റൊരു ബലാത്സംഗക്കേസില്‍ കൂടി ജില്ലയില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. 

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഈ രണ്ട് പ്രതികളെ പരാമര്‍ശിച്ചത്. തന്‍റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ച താക്കൂര്‍, ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് മറ്റുള്ളവരെ തടയാന്‍ ബലാത്സംഗം ചെയ്ത കുറ്റവാളികളെ പൊതുസ്ഥലങ്ങളില്‍ വച്ച് തൂക്കിക്കൊല്ലാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുമെന്നും പറഞ്ഞു