ട്വിറ്ററിന്റെ കൂട്ടപ്പിരിച്ചു വിടൽ നടപടി ഇന്ന് മുതൽ ആരംഭിക്കും. തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടുമോയെന്ന് വെള്ളിയാഴ്ച രാവിലെ ഇമെയിൽ വഴി അറിയിക്കുമെന്ന് ജീവനക്കാർക്ക് അയച്ച മെമ്മോയിൽ അറിയിച്ചിരുന്നു. വ്യവസായി ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ കൂട്ടപ്പിരിച്ചു വിടൽ നടക്കുമെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ആഗോള തലത്തിലെ ചെലവ് കുറയ്ക്കുന്നതിനാണ് പിരിച്ചുവിടൽ എന്നാണ് വിശദീകരണം. 

എത്ര ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്ന് മെമ്മോ വിശദമാക്കുന്നില്ല. എങ്കിലും ട്വിറ്ററിന്റെ ഏകദേശം 7,500 പേരുടെ തൊഴിലാളികളിൽ പകുതിയിലധികം പേരെ മസ്‌ക് പിരിച്ചുവിടുമെന്നാണ് സൂചന. ഇന്റേണൽ മെമ്മോ അനുസരിച്ച്, നവംബർ 4 ന് രാവിലെ 9 മണിക്ക് (പ്രാദേശിക സമയം) ജീവനക്കാർക്ക് തങ്ങളെ വിട്ടയച്ചോ ഇല്ലയോ എന്ന് സ്ഥിരീകരിക്കുന്ന ഇമെയിൽ ലഭിക്കും. 

എല്ലാ ഓഫീസുകളും താൽക്കാലികമായി അടച്ചിടുമെന്നും ജീവനക്കാരുടെ ബാഡ്ജ് പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും അതിൽ പറയുന്നു. ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന്റെ സീനിയർ പോസ്റ്റിലുള്ളവരെ മസ്‌ക് പുറത്താക്കിയിരുന്നു. സിഇഒ പരാഗ് അഗർവാൾ ഉൾപ്പെടെയുള്ളവരെയാണ് പിരിച്ചുവിട്ടത്.  മാസങ്ങൾ നീണ്ട വിവാദങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ കഴിഞ്ഞ ഞായറാഴ്ചയാണ് മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയത്.  44 ബില്ല്യൺ യുഎസ് ഡോളറിനായിരുന്നു മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്.