പശ്ചിമ ബംഗാള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി . ഗോവിന്ദഭോഗ് എന്നറിയപ്പെടുന്ന ജനപ്രിയ അരിയുടെ കസ്റ്റംസ് തീരുവ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. ബസുമതി അരിയെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ തന്റെ അപേക്ഷ പരിഗണിക്കണമെന്നും അവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഗോവിന്ദഭോഗ് അരി ബംഗാളില്‍ വളരെ പ്രചാരമുള്ളതാണെന്നും വിശേഷാവസരങ്ങളില്‍ ഇത് പ്രസാദമായി നല്‍കാറുണ്ടെന്നും മമത തന്റെ കത്തില്‍ പറഞ്ഞു. കൂടാതെ, 2017-ല്‍ ഇതിന് ഭൂമിശാസ്ത്രപരമായ ഐഡന്റിഫിക്കേഷന്‍ ടാഗ് ലഭിച്ചിട്ടുണ്ടെന്നും ഗള്‍ഫ് രാജ്യങ്ങളില്‍  ഈ അരിക്ക് ഉയര്‍ന്ന ഡിമാന്‍ഡുണ്ടെന്നും അവര്‍ പറഞ്ഞു.

‘നിര്‍ഭാഗ്യവശാല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ അരിക്ക് 20 ശതമാനം കസ്റ്റംസ് തീരുവ ചുമത്തി, അതിന്റെ ഫലമായി ‘ഗോബിന്ദോഭോഗ്’ ഇനത്തിന്റെ കയറ്റുമതി ബിസിസിലും അരിയുടെ ആവശ്യകതയെയും ആഭ്യന്തര വിലയെയും അത് പ്രതികൂലമായി ബാധിച്ചു. അതുവഴി കര്‍ഷകരുടെ വരുമാനത്തിലും കുറവുണ്ടായി” ബാനര്‍ജി മോദിക്കുള്ള രണ്ട് പേജുള്ള കത്തില്‍ എഴുതി.