തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവന്‍ ഒരു രാഷ്ട്രീയ നിയമനവും നടത്തിയിട്ടില്ല. ആര്‍എസ്എസ് നോമിനിയെ പോയിട്ട് സ്വന്തക്കാരെ പൊലും നിയമിച്ചിട്ടില്ല. അനാവശ്യ നിയമനങ്ങള്‍ നടത്തിയെന്ന് തെളിയിച്ചാല്‍ രാജിവെക്കാം. എന്നാല്‍ ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ മുഖ്യമന്ത്രി രാജിവെക്കുമോയെന്ന് ഗവര്‍ണര്‍ ചോദിച്ചു. 

മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്ത് ബന്ധമുണ്ടെങ്കില്‍ ഇടപെടും. സര്‍വകലാശാലകളിലെ ബന്ധുനിയമനങ്ങളിലും ഗവര്‍ണര്‍ എന്ന നിലയില്‍ ഇടപെടും. സ്വപ്‌നയ്ക്ക് ജോലി നല്‍കിയത് എങ്ങനെയാണെന്നും അവരെ ഹില്‍സ്റ്റേഷനിലേക്ക് ക്ഷണിച്ചത് ആരാണ്. ഏത് കാരണത്താലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജിവെച്ചത്. എം ശിവശങ്കര്‍ ആരായിരുന്നുവെന്നും ഗവര്‍ണര്‍ ചോദിച്ചു. ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.