കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്വർണ്ണ കള്ളക്കടത്ത് നടക്കുന്നത് മലബാർ മേഖലയിലാണ്. കരിപ്പൂർ വിമാനത്താവളമാണ് കേരളത്തിലെ സ്വർണ്ണക്കള്ളക്കടത്തിൻ്റെ കേന്ദ്രമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ശരീരത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിക്കൊണ്ടുവന്ന നിരവധി സംഭവങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. ഇതിൽ മലദ്വാരം വഴി സ്വർണ്ണം കടത്തുന്ന രീതിയാണ് പ്രധാനമായും സ്വർണ്ണക്കടത്തുകാർ പിന്തുടരുന്നത്. അടുത്തകാലത്ത് മലദ്വാരം വഴി സ്വർണ്ണം കടത്തിയ നിരവധി സംഭവങ്ങളാണ് കരിപ്പൂർ ഉൾപ്പെടെയുള്ള വിമാനത്താളവങ്ങളിൽ പിടികൂടിയതും. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരുകിലോ സ്വർണ്ണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം പിടികൂടിയിരുന്നു. ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് പുത്തൂർ ഇരട്ടകുളങ്ങര ജാസറിൽ നിന്നാണ് 1,​082 ഗ്രാം സ്വർണ്ണമിശ്രിതം പിടികൂടിയത്. ശരീരത്തിനുള്ളിൽ നാല് ക്യാപ്സൂളായി ഒളിപ്പിച്ചു കടത്തുകയായിരുന്നു. മാർക്കറ്റിൽ 50.52 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് ജാസിർ മലദ്വാരം വഴി കടത്തിക്കൊണ്ടു വന്നത്. 

ഈ സംഭവം നടക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് ബഹ്‌റൈനിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നും ഒരു കിലോയിലധികം സ്വർണ്ണം പൊലീസ് പിടികൂടിയിരുന്നു. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി മുഹമ്മദ് ജനീസാണ് പിടിയിലായത്. മലദ്വാരത്തിനുള്ളിൽ സ്വർണ്ണം ക്യാപ്‌സ്യൂളുകളായി ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. 1.007 കിലോഗ്രാം സ്വർണ്ണമാണ് മിശ്രിത രൂപത്തിൽ ജനീസ് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് ആഭ്യന്തര വിപണിയിൽ 52 ലക്ഷം രൂപ വില വരും. കഴിഞ്ഞ വ്യാഴാഴ്ച ബഹ്റൈനിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് ജനീസ് കരിപ്പൂർ എയർപോർട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്‌ക്ക് ശേഷം വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ ജനീസിനെ പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. എയർപോർട്ട് പരിസരത്ത് തങ്ങിയ ജനീസ് സുഹൃത്തുക്കളോടൊപ്പം കാറിൽ പുറത്തേക്ക് പോകും വഴിയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കടത്താൻ ബുദ്ധിമുട്ടുണ്ടെങ്കിലും ഏറെക്കുറെ സുരക്ഷിതമായ രീതി എന്ന നിലയിലാണ് മലദ്വാരത്തിലൂടെ സ്വർണ്ണം കടത്തുന്ന രീതി പ്രസിദ്ധമായത്. ഈ രീതി ഇന്ന് പലരും ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും വളരെയധികം പരിശീലനവും ക്ഷമയും ആവശ്യമായ രീതിയാണ് ഇതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പരിശീലനമില്ലാത്തവർക്ക് മലദ്വാരത്തിൽ സ്വർണം കടത്താനാകില്ല. ടിവി റിമോർട്ടിലെ ചെറിയ ബാറ്ററിയില്‍ ടേപ്പ് ചുറ്റിയശേഷം കോണ്ടം ഉപയോഗിച്ച് പൊതിഞ്ഞ് മലദ്വാരത്തിലേക്കു കയറ്റിയാണു ഈ രീതി ആദ്യ ഘട്ടത്തിൽ പരിശീലിക്കുന്നതെന്നാണ് എക്സെെസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്. പിന്നീട് ബാറ്ററിയുടെ വലുപ്പം കൂട്ടി പരിശീലിക്കും. പിരശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ സ്വർണ്ണം കടത്താൻ ഉപയോഗിക്കുകയാണ് രീതി. 

സ്വർണം ട്യൂബുകളിൽ നിറച്ച് ടേപ്പ് ചുറ്റി കോണ്ടം ഉപയോഗിച്ച് മൂടി മലദ്വാരത്തിനുള്ളിൽ വയ്ക്കുകയാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ചില സംഗതികളുണ്ട്. ആരോഗ്യപ്രശ്നമുള്ളവരും പ്രായമായവരെയും ഈ രീതിയിൽ സ്വർണ്ണം കടത്താൻ തിരഞ്ഞെടുക്കില്ല. ഇത്തരക്കാർ ഈ കടത്തലിന് അനുയോജ്യരല്ലെന്നുള്ളതാണ് കള്ളക്കടത്തുകാരുടെ രീതി. മാത്രമല്ല മനസ്സും ശരീരവും നിയന്ത്രിക്കാൻ പ്രാപ്തിയുള്ളവരെയാണ് ഈ കടത്തലിന് തിരഞ്ഞെടുക്കുക. പ്രത്യേകിച്ചും ഇത്തരം കടത്തുകാർക്ക് നല്ല ശാരീരിക ക്ഷമത വേണമെന്നുണ്ട്. ശാരീരികമായി നിയന്ത്രിക്കാൻ കഴിയാതെ വന്നാൽ മലദ്വാരത്തിലൂടെ സ്വർണം പുറത്തേക്കു വരുന്ന സ്ഥിതിയുണ്ടാകും. അാത്രമല്ല മലദ്വാരത്തിലൂടെ സ്വർണ്ണം കടത്തുന്നവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധരും വ്യക്തമാക്കുന്നുണ്ട്. 

ഇത്തരത്തിൽ ഒന്നര കിലോ സ്വർണ്ണം വരെ സുരക്ഷിതമായി കടത്തുന്നവരുണ്ടെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. വലിയ അളവിലുള്ള സ്വർണ്ണം കടത്താൻ തമിഴ്നാട്ടുകാരാണ് മിടുക്കരെങ്കിലും ഇപ്പോൾ മലയാളികളും അവർക്കൊപ്പമെത്തിയിട്ടുണ്ട്. മലം വയറിനുള്ളിൽ കിടക്കുന്നതും സ്വർണം വയറ്റിൽ കുഴമ്പുരൂപത്തിൽ കിടക്കുന്നതും തിരിച്ചറിയാൻ വൈദഗ്ധ്യമുണ്ടെങ്കിൽ മാത്രമേ ഇത്തരക്കാരെ പിടികൂടാൻ സാധിക്കുകയുള്ളു. ഇത്തരത്തിൽ സ്വർണ്ണം തിരിച്ചറിയാനുള്ള പരിശീലനവും ഇപ്പോൾ കസ്റ്റംസ് ഇദ്യോഗസ്ഥർക്ക് നൽകുന്നുണ്ടെന്നാണ് വിവരം. ഒരർത്ഥത്തിൽ ബുദ്ധിക്കൊപ്പം അകഴിവുമുണ്ടെങ്കിൽ മാത്രമേ മലദ്വാരത്തിലൂടെ സ്വർണ്ണം കടത്താൻ സാധിക്കുകയുള്ളു. അതേ ബുദ്ധിയും കഴിവുമുണ്ടെങ്കിൽ മാത്രമേ കടത്തുന്ന സ്വർണ്ണം പിടികൂടാനും കഴിയുകയുള്ളു.