എറണാകുളം മഹാരാജാസ് കോളേജില്‍എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം . കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്ന ചില തര്‍ക്കങ്ങളാണ് ഇന്ന് വൈകുന്നേരത്തോടെ അക്രമസംഭവത്തില്‍ കലാശിച്ചത്. ഇരു ഭാഗത്തെയും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കോളജിലെ രണ്ട് വിദ്യാര്‍ഥിനികളുടെ പരാതിയിന്മേലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വൈകിട്ട് കോളജിന് സമീപത്തെ ജനറല്‍ ആശുപത്രിക്ക് മുമ്പില്‍ വെച്ചാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. 

കോളജിലെ രണ്ട് വിദ്യാര്‍ഥിനികളോട് അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയെ തുടര്‍ന്ന് കെ എസ് യു പ്രവര്‍ത്തകനായ മാലികും എസ് എഫ് ഐ പ്രവര്‍ത്തകന്‍ അമീന്‍ അന്‍സാരിയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതാണ് വലിയ അടിപിടിയിലേക്ക് നയിച്ചത്. യൂണിറ്റ് സെക്രട്ടറി അഖിലിന്റെ നേതൃത്വത്തില്‍ എസ് എഫ് ഐ ആണ് അക്രമം തുടങ്ങിയതെന്ന് കെ എസ് യു ആരോപിച്ചു. 

എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ ജിത്ത് കുറ്റ്യാടി, വനിതാ പ്രവര്‍ത്തകയായ റൂബി അടക്കം പത്ത് എസ്എഫ്‌ഐക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്യു നേതാക്കളായ നിയാസ് റോബിന്‍സന്‍ അടക്കം പരിക്കേറ്റ ആറ് പേരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മഹാരാജാസില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘര്‍ഷം ഉടലെടുക്കുന്നത് പോലീസിനും തലവേദനയായിട്ടുണ്ട്.