മുംബൈ: വൈഫൈ പാസ് വേര്‍ഡ് നല്‍കാക്കതിന് മുംബൈയില്‍ 17 കാരനെ കുത്തിക്കൊന്നു. നവിമുംബൈയിലെ കാമോട്ടൈയില്‍ സെക്ടര്‍ 14 ലാണ് സംഭവം നടന്നത്. ഹൗസിംഗ് സൊസൈറ്റികളില്‍ ജോലി ചെയ്യുന്ന രണ്ട് യുവാക്കളാണ് വൈഫൈ ഹോട്ട്സ്പോട്ടിന്റെ പാസ്വേഡ് നല്‍കാത്തതിനെ തുടര്‍ന്ന് 17 കാരനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഹരിയാന്‍വി എന്ന രവീന്ദ്ര അത്വാള്‍, സന്തോഷ് വാല്‍മീകി എന്നിവര്‍ അറസ്റ്റിലായി. 

വെള്ളിയാഴ്ച രാത്രി 11 മണിയോടെ മൂവരും പാന്‍ ഷോപ്പില്‍ പോയതായി പോലീസ് പറഞ്ഞു.പ്രതികള്‍ 17 കാരനില്‍ നിന്ന് ഹോട്ട്സ്പോട്ടിന്റെ പാസ്വേഡ് ചോദിച്ചു. എന്നാല്‍ ഇയാള്‍ പാസ് വേര്‍ഡ് നല്‍കിയില്ല. ഇതില്‍ ദേഷ്യം വന്ന പ്രതികള്‍ പരസ്പരം വാക്‌പോര് തുടങ്ങുകയും ഇരയെ മര്‍ദ്ദിക്കാനും തുടങ്ങി. തുടര്‍ന്ന് രവീന്ദ്ര ഹരിയാന്‍വി കത്തിയെടുത്ത് 17 കാരന്റെ മുതുകില്‍ കുത്തുകയായിരുന്നുവെന്നുമാണ് വിവരം. ഗുരുതരമായി പരിക്കേറ്റയുവാവിനെ സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.സമീപത്തുള്ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.വിവരമറിഞ്ഞെത്തിയ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.