ന്യൂഡൽഹി: 152 വർഷം പഴക്കമേറിയ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നിയമത്തിൽ അടുത്ത പാർലമെന്റ് സമ്മേളനത്തിനു മുമ്പേ മാറ്റങ്ങൾ വരുത്തുമെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. കോളനി കാലത്തെ നിയമത്തിൽ മാറ്റം വരുത്തുന്നതു വരെ നിയമം പ്രാബല്യത്തിൽ ഉണ്ടായിരിക്കില്ലെന്ന് നേരതെത കോടതി ഉത്തരവിട്ടിരുന്നു.

‘പാർല​മെന്റ് ശീതകാല സമ്മേളനം തുടങ്ങുന്നതിനു മുമ്പായി രാജ്യ​ദ്രോഹക്കുറ്റം ചുമത്തുന്ന നിയമത്തിൽ ചില മാറ്റങ്ങൾ വരുത്താൻ ആലോചിക്കുന്നുണ്ട്’ എന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു ലളിതിനു മുമ്പാകെ ​അറിയിച്ചു.

എല്ലാ സംസ്ഥാനങ്ങളിലെയും ആഭ്യന്തരമന്ത്രിമാരുടെ യോഗം മൂന്ന് ദിവസം മുമ്പ് നടന്നിരുന്നു ഈയോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുതിയ ക്രിമിനൽ ശിക്ഷാ നിയമം (സി.ആർ.പി.സി), ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി) എന്നിവയുടെ കരട് അവതരിപ്പിക്കാൻ കേന്ദ്ര സർക്കാറിന് പദ്ധതിയുണ്ടെന്ന് അറിയിച്ചിരുന്നു.

ഇരുനിയമങ്ങളും നവീകരിക്കാൻ നിരവധി നിർ​ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. അവ വിശദമായി പരിശോധിച്ചു. ഇനി പുതിയ നിയമങ്ങളുടെ കരട് പാർലമെന്റിൽ അവതരിപ്പിക്കും. – അമിത് ഷാ പറഞ്ഞു.

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനെതിരെ നിരവധി ഹരജികൾ സുപ്രീംകേടതിക്ക് മുമ്പിലുണ്ടായിരുന്നു. ഈ ഹരജികൾ തിങ്കളാഴ്ച പരിഗണിക്കുമ്പോഴാണ് നിയമത്തിൽ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നും അതിന് കുറച്ചു കൂടി സമയം ആവശ്യമാണമെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചത്. അടുത്ത പാർലമെന്റ് സെഷനോടുകൂടി മാത്രമേ എന്തെല്ലാം മാറ്റങ്ങൾ വന്നുവെന്ന് വ്യക്തമാക്കാൻ സാധിക്കുകയുള്ളുവെന്നും അ​േറ്റാർണി കോടതിയെ അറിയിച്ചു. നിലവിൽ രാജ്യദ്രോഹക്കുറ്റത്തിന് മൂന്ന് വർഷം മുതൽ ജീവപര്യന്തം വരെയാണ് ജയിൽ ശിക്ഷ ലഭിക്കുക.

ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ബെല എം. ത്രിവേദി എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് കേന്ദ്ര സർക്കാറിന് നിയമം തിരുത്താൻ കൂടുതൽ സമയം അനുവദിച്ചു. സർക്കാർ നിയമം പുനഃപരിശോധിക്കും വരെ സെക്ഷൻ 124എ പ്രകാരം അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് ജനങ്ങൾക്ക് കോടതി സംരക്ഷണം ഏർപ്പെടുത്തിയ മെയിലെ ഉത്തരവ് സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും വ്യക്തമായ നിർദേശം നൽകിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു.

എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ആവശ്യമായ നിർദേശ നൽകിയിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കോടതിയെ ബോധിപ്പിച്ചു. തുടർന്ന് കേസ് ജനുവരി രണ്ടാം വാരത്തിൽ പരിഗണിക്കാൻ മാറ്റി.