ഹൈദരാബാദ്: ജി.എസ്.ടി ഭാരം താങ്ങാനാവാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിഷേധ പോസ്റ്റ്കാർഡ് അയച്ച് കൈത്തറി നെയ്ത്തുകാർ. തെലങ്കാനയിൽനിന്നുള്ള നെയ്ത്തുകാരാണ് മോദിക്ക് ചാക്കുകണക്കിന് പോസ്റ്റുകാർഡുകൾ അയച്ചത്. കൈത്തറിയുടെ മേലുള്ള ചരക്ക് സേവന നികുതി (ജി.എസ്.ടി) പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് തെലങ്കാനയിൽ നിന്നുള്ള ആയിരക്കണക്കിന് കൈത്തറി നെയ്ത്തുകാർ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോസ്റ്റ്കാർഡുകൾ അയച്ചത്. ജനറൽ പോസ്റ്റ് ഓഫീസിൽ ആയിരക്കണക്കിന് പോസ്റ്റ് കാർഡുകൾ നിക്ഷേപിച്ചു. നെയ്ത്തുകാരും കൈത്തറി അനുഭാവികളും നിസാം കോളജ് ഗ്രൗണ്ടിൽ ഒത്തുചേർന്ന് റാലിയായി പോസ്റ്റ് ഓഫിസിൽ എത്തിയാണ് കാർഡുകൾ അയച്ചത്.

മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെയും സംസ്ഥാന കൈത്തറി, ടെക്സ്റ്റൈൽസ് മന്ത്രി കെ.ടി. രാമറാവുവിന്റെയും ചിത്രങ്ങളും ജി.എസ്.ടി പിൻവലിക്കണമെന്ന പ്ലക്കാർഡുകളും യോഗത്തിൽ പങ്കെടുത്തവർ പ്രദർശിപ്പിച്ചിരുന്നു. കൈത്തറി ഉൽപന്നങ്ങൾക്കും അതിന്റെ അസംസ്‌കൃത വസ്തുക്കൾക്കുമുള്ള അഞ്ച് ശതമാനം ജി.എസ്‌.ടി ഉടൻ പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഒക്‌ടോബർ 22ന് ജി.എസ്.ടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാമറാവു നൽകിയ ആഹ്വാനത്തിന് മറുപടിയായാണ് നെയ്ത്തുകാർ പോസ്റ്റ് കാർഡുകൾ എഴുതിയത്. സംസ്ഥാനത്തുടനീളമുള്ള നെയ്ത്തുകാരിൽ നിന്ന് വൻ പ്രതികരണമാണ് കാമ്പയിന് ലഭിച്ചത്. നിയമസഭാ കൗൺസിൽ അംഗം എൽ.രമണ, തെലങ്കാന സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ ചിന്ത പ്രഭാകർ, തെലങ്കാന പവർലൂം ആൻഡ് ടെക്സ്റ്റൈൽസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ ഗുഡുരി പ്രവീൺ, മുൻ രാജ്യസഭാ എം.പി ആനന്ദ ഭാസ്‌കർ റാപോളു, വാറങ്കൽ മേയർ ഗുണ്ടു സുധാറാണി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.