വാഷിംഗ്ടൺ: ഗുജറാത്തിലെ മോർബി പാലം തകർന്നുണ്ടായ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുംവൈസ് പ്രസിഡന്റ് കമല ഹാരിസും. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യയ്‌ക്കൊപ്പമുണ്ടെന്ന് ബൈഡൻ ട്വിറ്ററിൽ കുറിച്ചു. 

‘ഈ ദുഷ്‌കരമായ സമയത്തും ഞങ്ങൾ ഇന്ത്യൻ ജനതയ്ക്കൊപ്പം നിൽക്കുകയും പിന്തുണക്കുകയും ചെയ്യും’ ബൈഡൻ പറഞ്ഞു. വൈസ് പ്രസിഡന്റ് കമലാ ഹാരിസും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. ഞങ്ങളുടെ ഹൃദയം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും ആഘാതമേറ്റവർക്കും ഒപ്പമാണെന്നാണ് കമല ഹാരിസ് ട്വിറ്ററിൽ കുറിച്ചത്. 

ഞായറാഴ്ച വൈകുന്നേരമാണ് ഗുജറാത്തിലെ മോർബി ജില്ലയിലുള്ള മച്ചു നദിയിൽ കേബിൾ പാലം തകർന്ന് വീണത്. അപകടത്തിൽ 130-ലധികം ആളുകൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നവീകരിച്ച് അഞ്ച് ദിവസം മുമ്പാണ് കേബിൾ പാലം പുനരാരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്ത് സന്ദർശനത്തിനിടെയായിരുന്നു അപകടം. 

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മോർബി സന്ദർശിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പര്യടനം നടത്തുന്ന അദ്ദേഹം ദുരന്തത്തിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ യോഗം ചേർന്നിരുന്നു.