മുംബൈ: ഒരു കുട്ടിയുടെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരെ അനാഥരെന്ന് വിളിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നെസ്റ്റ് ഫൗണ്ടേഷൻ നൽകിയ ഹർജി പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. സ്ഥാപനത്തിലെ ചൈൽഡ് കെയർ ഹോമിൽ കഴിയുന്ന രണ്ട് പെൺകുട്ടികളെ അനാഥരായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സ്ഥാപനം സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി. 

പെൺകുട്ടികളെ ഉപേക്ഷിക്കപ്പെട്ടുവെന്ന് തെളിയിക്കുന്ന രേഖകൾ ഒന്നും ഹർജിക്കാരന്റെ കൈവശമില്ല. അന്വേഷണത്തിന് ശേഷം ഈ പെൺകുട്ടികളെ ഉപേക്ഷിക്കപ്പെട്ടവരായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിയുന്ന ഏത് യോഗ്യതയുള്ള അധികാരിയെയും സംഘടനയ്ക്ക് സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. നവംബർ 14നകം ഇക്കാര്യത്തിൽ അധികാരികൾ തീരുമാനമെടുക്കണമെന്നും ബോംബെ ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. 

ദി നെസ്റ്റ് ഇന്ത്യ ഫൗണ്ടേഷൻ സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ എസ് വി ഗംഗാപൂർവാല, ആർ എൻ ലോധ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. അനാഥ സർട്ടിഫിക്കറ്റുകൾ നൽകാൻ അധികാരികളോട് ഹൈക്കോടതി നിർദേശിക്കണമെന്നും കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഈ പെൺകുട്ടികൾക്ക് ഒരു ശതമാനം സംവരണത്തിന്റെ ആനുകൂല്യം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. 

പെൺകുട്ടികൾ നാലഞ്ചു വയസ്സു മുതൽ സ്ഥാപനത്തിലെ ചൈൽഡ് കെയർ ഹോമിലാണ് താമസിക്കുന്നതെന്ന് സംഘടനയ്ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് അഭിനവ് ചന്ദ്രചൂഡ് പറഞ്ഞു. ഈ സമയങ്ങളിൽ ഒരിക്കൽ പോലും പെൺകുട്ടികളുടെ അമ്മമാർ ഇവരെ കാണാനായി എത്തിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പെൺകുട്ടികളെ അനാഥരെന്ന് വിളിക്കാമെന്ന് അഭിനവ് ചന്ദ്രചൂഡ് വാദിച്ചു.  

ഈ പെൺകുട്ടികളെ അനാഥരായി പ്രഖ്യാപിക്കാൻ കഴിയില്ലെങ്കിൽ പോലും അവരെ ഉപേക്ഷിക്കപ്പെട്ട കുട്ടികളായി പ്രഖ്യാപിക്കാമെന്നും ചന്ദ്രചൂഡ് പറഞ്ഞു. ഹെൽത്ത് സയൻസസിലെ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് ഒരു ശതമാനം സംവരണത്തിന്റെ ആനുകൂല്യം അനാഥരായ കുട്ടികൾക്ക് ലഭിക്കുമെന്ന് അദ്ദേഹം കോടതിയിൽ അറിയിച്ചു. 

രണ്ട് പെൺകുട്ടികളെയും ഉപേക്ഷിക്കപ്പെട്ട കുട്ടികളായി പ്രഖ്യാപിച്ചാൽ അവർക്ക് സംവരണം നൽകേണ്ടിയതായി വരും. രണ്ടും ഒരേ നിയമവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ പബ്ലിക് പ്രോസിക്യൂട്ടർ പൂർണിമ കാന്താരിയ ഇതിനെ എതിർക്കുകയും പെൺകുട്ടികളുടെ ജൈവിക അമ്മ ജീവിച്ചിരിപ്പുണ്ടെന്നും അതിനാൽ അവരെ അനാഥർ എന്ന് വിളിക്കാനാവില്ലെന്നും പറഞ്ഞു. 

സംഘടനയുടെ വിശ്വാസ്യതയെക്കുറിച്ച് പബ്ലിക് പ്രോസിക്യൂട്ടർ ചോദ്യങ്ങൾ ഉന്നയിക്കുകയും അത് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പറഞ്ഞു. ഈ പെൺകുട്ടികളെ വിട്ടയച്ചുവെന്ന് പ്രഖ്യാപിക്കാൻ പോലും സംഘടനയ്ക്ക് അവകാശമില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. ഇതോടെ പെൺകുട്ടികളെ അനാഥരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളുകയായിരുന്നു.