ലക്‌നൗ: ഉത്തർപ്രദേശിൽ വിഷ ചായ കുടിച്ച് കുട്ടികൾ അടക്കം നാല് പേർക്ക് ദാരുണാന്ത്യം. അര ഡസനോളം പേർ രോഗബാധിതരാവുകയും ചെയ്തിട്ടുണ്ട്. രണ്ട് കുട്ടികളടക്കം നാല് പേരാണ് മരിച്ചത്. ഉത്തർപ്രദേശിലെ ആഗ്ര ഡിവിഷനിലെ മെയിൻപുരി ജില്ലയിാണ് സംഭവം. ബോധരഹിതരായവരെ സൈഫായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  

ചായയിൽ കീടനാശിനി കലർന്നതാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവം നടന്ന നഗ്ല കൻഹായ് ഗ്രാമത്തിലെ വീട്ടിൽ നിന്ന് കീടനാശിനി പൊടിയുടെ പാക്കറ്റും പോലീസ് കണ്ടെടുത്തിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്. ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി ആഗ്ര ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കും അയച്ചു.

ഭായ് ദൂജ് ആഘോഷിക്കുന്ന നഗ്ല കൻഹായിലെ ശിവാനന്ദന്റെ വീട്ടിലാണ് മരണങ്ങൾ നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ചായ കുടിച്ച് പിതാവും രണ്ട് കുട്ടികളും ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. ശിവാനന്ദന്റെ ഭാര്യ നൽകിയ ചായ കുടിച്ച അഞ്ച് പേരും കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അവരെ രക്ഷിക്കാനായില്ല. ശിവാനന്ദന്റെ ഭാര്യ രാമമൂർത്തി നെല്ലിൽ അടിക്കുന്ന കീടനാശിനി അബദ്ധത്തിൽ ചായയിൽ ഒഴിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.