കൊച്ചി: ജന്മദിനത്തിൽ കേക്ക് മുറിക്കാൻ വിസമ്മതിച്ച് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി. ജന്മദിനാഘോഷത്തിന് കേക്കുമായി നേതാക്കളും പ്രവർത്തകരും എത്തിയപ്പോഴാണ് ജന്മദിനത്തിന് കേക്ക് മുറിക്കുന്ന പതിവ് തനിയ്ക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറിയത്. 

എത്ര നിർബന്ധിച്ചിട്ടും അദ്ദേഹം കേക്ക് മുറിക്കാൻ തയ്യാറായില്ലെന്നും ഒടുവിൽ അദ്ദേഹത്തിനായി താൻ കേക്ക് മുറിക്കുകയായിരുന്നെന്നും ആലുവ എംഎൽഎ അൻവർ സാദത്ത് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ചികിത്സയ്ക്കായി ആലുവയിൽ തങ്ങുന്ന ഉമ്മൻചാണ്ടിയ്ക്ക് എൺപതാം ജന്മദിനത്തിൽ ആശംസകൾ നേരാൻ നിരവധി നേതാക്കളും പ്രവർത്തകരും ഗസ്റ്റ് ഹൗസിൽ എത്തി. ചലച്ചിത്രതാരം മമ്മൂട്ടി ഉൾപ്പെടെയുള്ളവരും ഇന്ന് ഗസ്റ്റ് ഹൗസിലെത്തി അദ്ദേഹത്തെ കണ്ട് ആശംസകൾ നേർന്നു. ഉമ്മൻചാണ്ടിയ്ക്കൊപ്പം ഭാര്യയും മക്കളും ഇവിടെ തങ്ങുന്നുണ്ട്.