ബംഗളൂരു: ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്ന രംഗം അനുകരിച്ച 12 വയസുകാരൻ മരിച്ചു. കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം. സഞ്ജയ് ഗൗഡ എന്ന വിദ്യാർഥിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. എസ്.എൽ.വി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് സഞ്ജയ് ഗൗഡ.

നവംബർ ഒന്നിന് സ്കൂളിൽ നടക്കുന്ന പരിപാടിക്കായി നാടകം പരിശീലിപ്പിച്ചിരുന്നു. സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിന്റെ വേഷം ചെയ്യാൻ സഞ്ജയ് ഗൗഡയായിരുന്നു തിരഞ്ഞെടുത്തത്. നാടകം പരിശീലിക്കുന്നതിനിടയിൽ ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്ന ഭാഗം കുട്ടി അനുകരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കുട്ടി ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്ന രംഗം അനുകരിച്ചത്. മാതാപിതാക്കൾ ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.