തിരുവനന്തപുരം: ആര്‍എസ്പി നേതാവ് പ്രൊഫസര്‍ ടി ജെ ചന്ദ്രചൂഡന്‍ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആര്‍ എസ് പിയുടെ സംസ്ഥാന അഖിലേന്ത്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 

ആര്‍എസ്പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ പിഎസ് യുവിലൂടെയാണ് ടി.ജെ ചന്ദ്ര ചൂഡന്‍ പൊതുരംഗത്തു വന്നത്. പിന്നാലെ പിഎസ് യുവിന്റെയും പിവൈഎഫിന്റെയും(നിലവില്‍ ആര്‍വൈഎഫ്) സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1975ല്‍ അദ്ദേഹം ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എത്തി. 1990 ല്‍ കേന്ദ്ര സെക്രട്ടറിയേറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1999 ല്‍ ആണ്  സംസ്ഥാന സെക്രട്ടറിയായത്. 16, 17 ദേശീയ സമ്മേളനങ്ങളുടെ ഭാഗമായി നടന്ന സംസ്ഥാന സമ്മേളനങ്ങളില്‍ സെക്രട്ടറിയായി.

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബി എയും എം എയും ഒന്നാം റാങ്കോടെ പാസായ അദ്ദേഹം 1960 കളില്‍ കൗമുദി വാരികയുടെ സഹപത്രാധിപര്‍ ആയി. 1969 – 87 കാലയളവില്‍ ദേവസ്വം കോളേജില്‍ അധ്യാപകനായി ജോലി ചെയ്തു. പിഎസ് സി അംഗമായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. 1982 ലും 1987 ലും തിരുവനന്തപുരം വെസ്റ്റിലും 2006 ല്‍ ആര്യനാട് നിന്നും നിയമസഭയിലേക്കും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 

മാര്‍ക്‌സിസം വര്‍ത്തമാന പ്രസക്തം, രാഷ്ട്രതന്ത്രം, ഫ്രഞ്ചു വിപ്ലവം, അഭിജാതനായ ടികെ , വിപ്ലവത്തിന്റെ മുള്‍പാതയിലൂടെ നടന്നവര്‍ , കെ ബാലകൃഷ്ണന്‍ മലയാളത്തിന്റെ ജീനിയസ് എന്നീ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.