അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ ഇരുനില കെട്ടിടം തകർന്നു വീണ് അഞ്ച് മരണം. രണ്ടു പേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമരാവതി നഗരത്തിലെ പ്രഭാത് ചൗക്കിൽ സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടമാണ് നിലംപതിച്ചത്. നിരവധി പേർ തകർന്ന കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുന്നതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.

കാലപ്പഴക്കവും ജീർണതയുമുള്ള കെട്ടിടം പൊളിച്ചുനീക്കാൻ കഴിഞ്ഞ ജൂലൈയിൽ ഉടമക്ക് നോട്ടീസ് നൽകിയതായി അമരാവതി മുനിസിപ്പൽ കോർപറേഷൻ (എ.എം.സി) ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ പവ്നീത് കൗർ വ്യക്തമാക്കി.