ഗുജറാത്തിൽ തൂക്കുപാലം തകർന്ന് വൻദുരന്തം. 68 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല. മോർബിയിലാണ് കേബിൾ പാലം തകർന്നത്. അപകടസമയത്ത് 500ഓളം പേർ പാലത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നൂറോളം പേരെ കാണാതായിട്ടുണ്ട്.

ഗുജറാത്തിലെ മച്ചുനദിക്കു കുറുകെയുള്ള തൂക്കുപാലമാണ് ഞായറാഴ്ച വൈകീട്ട് തകർന്നത്. ഏറെ പഴക്കമുള്ള പാലമാണ് അപകടത്തിൽ തകർന്നത്. അഞ്ചുദിവസം മുൻപ് അറ്റകുറ്റപണികൾ കഴിഞ്ഞ് ജനങ്ങൾക്കായി തുറന്നുകൊടുത്തതായിരുന്നു. ഇതിനുശേഷം വലിയ തോതിൽ സന്ദർശകർ വീണ്ടും ഇങ്ങോട്ട് ഒഴുകിയെത്തി.

പാലം തകർന്ന് നൂറുകണക്കിനുപേർ പുഴയിൽ വീണിരുന്നു. അപകടത്തിനു പിന്നാലെ ഫയർഫോഴ്‌സും ആംബുലൻസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിരവധി പേർ പുഴയിൽ മുങ്ങിയിട്ടുണ്ട്. കാണാതായവർ നിരവധിയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ പാലത്തിന്റെ കൈവരിയിൽ തൂങ്ങിനിന്നതിനാലാണ് രക്ഷപ്പെട്ടത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നൂറു വർഷത്തോളം പഴക്കമുള്ള പാലം നവീകരിച്ച് ഈമാസം 26നാണ് ജില്ല ഭരണകൂടം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തത്.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതവും കേന്ദ്രസർക്കാർ രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഇരുസർക്കാറുകളും അര ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.