തിരുവനന്തപുരം: ലഹരി കടത്തുകർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്താന്‍ എക്സൈസ് വകുപ്പിന്‍റെ തീരുമാനം. സ്ഥിരമായി ലഹരികടത്തുന്നവർക്കെതിരെ വധശിക്ഷ വരെ കിട്ടുന്ന വിധത്തിൽ വകുപ്പുകൾ ഉൾപ്പടെയുള്ളവ ചുമത്താനാണ് നിർദേശം. അറസ്റ്റിലായവരുടെ ഉൾപ്പടെയുള്ളവരുടെ  ക്രിമിനൽ പശ്ചാത്തലം പരിശോധിക്കും. പഴയ കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശമുണ്ട്.

31, 31 എ എന്നീ വകുപ്പുകൾ പ്രതികൾക്കെതിരെ ചേർക്കാനാണ് നിർദേശം. ഇതുവരെ കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത വകുപ്പുകളാണ് ഇത്. സമാനമായ കുറ്റം ചെയ്ത് വീണ്ടും പിടിക്കപ്പെട്ടാൽ ആദ്യ കേസ് കൂടി പരിഗണിച്ച് ഇരട്ടി ശിക്ഷ നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. തുടർച്ചയായി കുറ്റം ആവർത്തിക്കുന്നവർക്ക് വധശിക്ഷ വരെ ലഭിക്കാം. 

ലഹരിവസ്തുക്കളുടെ തീവ്രതയും അളവും കണക്കാക്കി നിശ്ചയിച്ച പട്ടിക നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനമാക്കിയായിരിക്കും ശിക്ഷ. മറ്റു സംസ്ഥാനങ്ങളിലോ വിദേശത്തോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തും. ലഹരി കടത്താനും വില്‍ക്കാനും സാമ്പത്തിക സഹായം ഉള്‍പ്പടെ ചെയ്യുവര്‍ക്കെതിരെയും കടുത്ത നടപടിയുണ്ടാകും.