ജമ്മു കശ്മീരിലെ റത്‌ലേ ജലവൈദ്യുത പദ്ധതി പ്രദേശത്ത് മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. കിഷ്ത്വാര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. പരിക്കേറ്റ ആറ് പേരെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയതായി ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ദേവാന്‍ഷ് യാദവ് പറഞ്ഞു. നാല് മൃതദേഹങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു.

ഇതിനിടെ സ്ഥലത്തെത്തിയ ആറ് പേരടങ്ങുന്ന രക്ഷാപ്രവര്‍ത്തക സംഘവും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര ശര്‍മ്മ പറഞ്ഞു. ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ചെനാബ് നദിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന റണ്‍-ഓഫ്-ദി-റിവര്‍ പദ്ധതിയാണ് റത്‌ലെ ജലവൈദ്യുത പദ്ധതി. 2018 നവംബര്‍ വരെ 5281.94 കോടി രൂപയാണ് പദ്ധതിയുടെ ഏകദേശ ചെലവ്. പദ്ധതിയുടെ ഇപിസി (എഞ്ചിനീയറിംഗ്, സംഭരണം, നിര്‍മ്മാണം) കരാര്‍ ഈ വര്‍ഷം സെപ്തംബര്‍ 18 ന് ആണ് നല്‍കിയത്.