അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തിൽ ഏക സിവിൽകോഡ് നടപ്പാക്കാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങിയെന്ന് റിപ്പോർട്ട്. ഏക സിവിൽകോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ പ്രത്യേക സമിതിയെ രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിരമിച്ച ഹൈകോടതി ജഡ്ജിയായിരിക്കും സമിതിയുടെ അധ്യക്ഷൻ. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇതിനുള്ള നടപടികളുമായി ഗുജറാത്ത് സർക്കാർ മുന്നോട്ട് പോകുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഉത്തരാഖണ്ഡ് സർക്കാർ ഏക സിവിൽകോഡ് നടപ്പാക്കാൻ സമിതി രൂപീകരിച്ചിരുന്നു. വെബ് പോർട്ടൽ വഴി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയിരുന്നു.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിന്റെ പ്രധാന അജണ്ടകളിലൊന്നാണ് ഏക സിവിൽകോഡ് . അതേസമയം, രാജ്യത്തെ വലിയൊരു വിഭാഗം ഏക സിവിൽ കോഡിനെതിരാണ്.