വാഷിങ്ടൺ: നവംബർ 11ന് ഷറം അൽ ശൈഖിൽ നടക്കുന്ന കോപ്27 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്‍റ് ജോ ബൈഡൻ അടുത്തമാസം ഈജിപ്തിലേക്ക് പോകും. നവംബർ 12-13 തിയതികളിൽ കംബോഡിയയിൽ നടക്കുന്ന യു.എസ്-ആസിയാൻ വാർഷിക ഉച്ചകോടിയിലും കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.

ശേഷം ജി-20 നേതാക്കളുടെ ഉച്ചകോടിക്കായി നവംബർ 13-16 വരെ ഇന്തോനേഷ്യയിലെ ബാലിയും സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം, ഊർജം, ഭക്ഷ്യസുരക്ഷ ഉൾപ്പെടെ, പുടിൻ യുക്രെയ്നിൽ നടത്തിയ യുദ്ധത്തിന്റെ ആഗോള ആഘാതത്തെക്കുറിച്ചും, ആഗോള സാമ്പത്തിക വീണ്ടെടുക്കലിന് ആവശ്യമായ പ്രവർത്തനങ്ങൾക്കുള്ള പരിഹാരത്തെക്കുറിച്ചും ജി20 നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തും.

ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. കൂടാതെ, യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഏഷ്യയിലേക്കും വടക്കേ ആഫ്രിക്കയിലേക്കും പോകുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു