ന്യൂഡല്‍ഹി: ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം ടേക്ക് ഓഫിനിടെ എഞ്ചിന് തീപിടിച്ചതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തിരമായി നിലത്തിറക്കി. അപകടത്തെ തുടർന്ന് ടേക്ക് ഓഫ് നിർത്തി എല്ലാ യാത്രക്കാരെയും പുറത്തിറക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല. വിമാനത്തിൽ ഉണ്ടായിരുന്ന 177 യാത്രക്കാരും ഏഴ് ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ഇൻഡിഗോ പുറത്തിറക്കിയ പ്രസ്‌താവനയിൽ സാങ്കേതിക തകരാർ മൂലമാണ് അപകടം ഉണ്ടായതെന്നാണ് അറിയിച്ചത്. 

റിപ്പോർട്ടുകൾ പ്രകാരം, ഡൽഹിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ ഫ്ലൈറ്റ് (6E2131) എഞ്ചിനിൽ തീപിടിത്തം ഉണ്ടായതായി ഐജിഐഎ കൺട്രോൾ റൂമിന് വിവരം ലഭിച്ചത് രാത്രി 10.08നാണ്. വിമാനം പറന്നുയർന്നപ്പോൾ എഞ്ചിന് തീപിടിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഉടൻ വിമാനം നിലത്തിറക്കി. അതേസമയം, ഈ സംഭവത്തിന്റെ മുഴുവൻ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പറന്നുയരാൻ വേണ്ടി വിമാനം റൺവേയിലൂടെ നീങ്ങുമ്പോൾ പെട്ടെന്ന് ഒരു തീപ്പൊരി ഉയരുന്നതായി കാണാം. 

കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ, രാജ്യത്ത് പലതവണ വിമാനങ്ങൾ അടിയന്തരമായി ഇറക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഭൂരിഭാഗം സംഭവങ്ങളും സ്പൈസ് ജെറ്റ് വിമാനങ്ങളിലാണ് ഉണ്ടായിരുന്നത്, എന്നാൽ ഇപ്പോൾ ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങളിലും സാങ്കേതിക തകരാർ കാണ്ടുവരുന്നുണ്ട്. അതേസമയം, യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പാടാക്കിയതായി ഇൻഡിഗോ അറിയിച്ചു. സംഭവത്തിൽ ഇൻഡിഗോ യാത്രക്കാരോട് ക്ഷമാപണം നടത്തി. 

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സ്പൈസ് ജെറ്റ് വിമാനത്തിൽ സമാനമായ സാങ്കേതിക തകരാർ കണ്ടെത്തിയിരുന്നു. ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനം ഹൈദരാബാദ് എയർപോർട്ടിൽ ലാൻഡ് ചെയ്യന്നതിനിടെ പുക ഉയരുകയായിരുന്നു. തുടർന്ന് എമർജൻസി ലാൻഡിങ് നടത്തിയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.