ഉത്തർപ്രദേശിൽ ഡെങ്കിപ്പനി പടരുന്നു. വിവിധ ജില്ലകളിലായി നൂറുകണക്കിന് രോഗികളാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ കഴിയുന്നത്. ഡെങ്കിപ്പനി പടരുന്നത് തടയാൻ ആശുപത്രികളിൽ കിടക്കകളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സൗകര്യങ്ങൾ ലഭ്യമാക്കാൻ നിർദേശം നൽകി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി വ്യാഴാഴ്‌ച കൂടിക്കാഴ്‌ച നടത്തി. 

എന്നാൽ ഡെങ്കിപ്പനി നിയന്ത്രണവിധേയമാണെന്നും ഈ വർഷം കേസുകൾ കുറവാണെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. “സിഎസ്‌സി-പിഎസ്‌സി തലത്തിൽ ഡോക്‌ടർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആശുപത്രി വാർഡുകളിൽ കിടക്കകളുടെ കുറവില്ല. ആളുകൾക്ക് ശുചിത്വം ആവശ്യമാണ്. മുനിസിപ്പൽ കോർപ്പറേഷൻ ലാർവകൾ തളിക്കുന്നുണ്ട്” ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഒരു രോഗിയും ചികിത്സ കിട്ടാതെ മടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്, ആവശ്യമായ കിടക്കകൾ ക്രമീകരിച്ച് ബദൽ തയ്യാറെടുപ്പുകൾ നടത്താൻ ആശുപത്രികളോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

“ഡെങ്കിപ്പനിക്ക് ശുചിത്വത്തിനുള്ള മുൻകരുതലുകളാണ് ഏറ്റവും പ്രധാനം, കൊതുകുകൾക്ക് എതിരായ പ്രതിരോധം, ലാർവകളുടെ നാശം, സമയബന്ധിതമായ ചികിത്സ എന്നിവ ഇതിന് ആവശ്യമാണ്” ലഖ്‌നൗ സിവിൽ ഹോസ്‌പിറ്റൽ ഡയറക്‌ടർ ആനന്ദ് ഓജ ഇന്ത്യാ ടുഡേയോട് പറഞ്ഞു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,344 പരിശോധനകൾ നടത്തിയതിൽ 5666 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 

ഈ വർഷം ജനുവരി ഒന്നു മുതൽ ആരോഗ്യവകുപ്പ് രേഖകൾ പ്രകാരം 18,000 ഡെങ്കിപ്പനി കേസുകളും രണ്ട് മരണങ്ങളും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. ഡെങ്കിപ്പനി ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകൾ പ്രയാഗ്‌രാജ്, ലഖ്‌നൗ എന്നിവയാണ്. ഇവിടങ്ങളിൽ ഇതുവരെ യഥാക്രമം 911, 749 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ജൗൻപൂർ 366, അയോധ്യ 325 എന്നീ ജില്ലകളും തൊട്ടുപിന്നിലുണ്ട്.