ഹൂസ്റ്റൺ: സിഖ് വംശജനായ പൊലീസുകാരന്റെ കൊലപാതക കേസിൽ പ്രതിക്ക് അമേരിക്കൻ കോടതി വധശിക്ഷ വിധിച്ചു. സന്ദീപ് ധാലിവാലിന്റെ (42) മരണത്തിലാണ് പ്രതി റോബർട്ട് സോലിസിന് (50) ശിക്ഷ വിധിച്ചത്.

ടെക്സസിൽ 2019 സെപ്റ്റംബർ 27നാണ് കേസിനാസ്പദമായ സംഭവം. പൊലീസ് ജോലിക്കിടെ സിഖുകാരുടെ പരമ്പരാഗത തലപ്പാവ് ധരിക്കാൻ അമേരിക്കയിൽ ആദ്യമായി അനുമതി ലഭിച്ചയാളെന്ന നിലയിൽ ശ്രദ്ധേയനാണ് സന്ദീപ് ധാലിവാൽ. നോർത്ത് വെസ്റ്റ് ഹൂസ്റ്റണിൽ പതിവ് ഗതാഗത പരിശോധനക്കിടെയാണ് ധാലിവാലിന്റെ അയൽക്കാരൻ കൂടിയായ റോബർട്ട് സോലിസ് വെടിയുതിർത്തത്.

ക്രിമിനൽ പശ്ചാത്തലമുള്ള സോലിസ് പരോളിലിറങ്ങി മുങ്ങിനടക്കവെ ഗതാഗത പരിശോധനയിൽ പിടിക്കപ്പെടുമെന്ന ഘട്ടത്തിലാണ് ഉദ്യോഗസ്ഥനെ വെടിവെച്ചതെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. ധാലിവാൽ മരിച്ച് ഒരു വർഷത്തിനുശേഷം അമേരിക്കയിലെ ദേശീയപാതയുടെ ഒരു ഭാഗത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയിരുന്നു.