കാഴ്ചക്കാരിൽ ഒരുപോലെ കൗതുകവും വിസ്മയവും ഉണർത്തുന്ന ഇടുക്കിയുടെ സുന്ദരി- ആനക്കുളം.മലമേടുകൾക്കിടയിൽ കാടും കൃഷിയും ഇടകലർന്ന ഗ്രാമം. ഏലം കുരുമുളക് കൊക്കോ കൊണ്ട് പ്രകൃതി സമൃദ്ധമായ നാട്.കാട്ടരുവികളും വെള്ളച്ചാട്ടവും കാട്ടാനയും നിറഞ്ഞ് മലനിരകളാൽ ചുറ്റപ്പെട്ടു.

പേരിനോട് ചേർന്ന് നിൽക്കുന്നത് പോലെത്തന്നെ അരുവിയിൽ വെള്ളം കുടിക്കാൻ എത്തുന്ന കാട്ടാനകളുടെ ഒരു വിസ്മയലോകം ,അവയുടെ കളിയും ചിരിയും ഇണക്കവും പിണക്കവും അടുത്ത് നിന്ന് ആസ്വദിക്കാൻ സാധിക്കുന്നതാണ് ആനക്കുളത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

അടിമാലി കഴിഞ്ഞ് കല്ലാറിൽ നിന്നും 26 കി.മീറ്റർ അകലെ മൂന്നാറിലെ തേയില തോട്ടത്തിന്‍റെ വശ്യതയെ വെല്ലുന്ന ഒരു കൊച്ചു മിടുക്കി ,മാങ്കുളം ഗ്രാമത്തിന്‍റെ പൊന്നോമന പുത്രി … കൂടാതെ പെരുമ്പൻ കുത്ത് വെള്ളച്ചാട്ടം, 33 വെള്ളച്ചാട്ടം, 1 – പ്ലോട്ട് ചെക്ക്ഡാം, തൂക്കുപാലം (ആറാം മൈൽ), (ഓഫ് ജീപ്പ് സഫാരി) ഇവയെല്ലാം ആനക്കുളത്തിന്‍റെ സവിശേഷത തന്നെ.

മാങ്കുളം വഴി ആനക്കുളത്തേക്ക് എത്തുന്ന സഞ്ചാരികൾ പെരുമ്പൻ കുത്ത് കാണാതെ പോകാറില്ല. മുളങ്കാടുകൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും ഇടയിലൂടെ വെള്ളി അരഞ്ഞാണം കെട്ടി തട്ട് തട്ടുകളായി താഴേക്ക് പതിക്കുന്ന പെരുമ്പൻ കുത്തിന്‍റെ ഭംഗി വേറിട്ടതു തന്നെ. പഴയ ആലുവ മൂന്നാർ റോഡിന്‍റെ ഭാഗമായി ബ്രിട്ടീഷുകാർ പണികഴിപ്പിച്ച പാലത്തിലൂടെ മുന്നോട്ടു നീങ്ങിയാൽ പെരുമ്പൻ കുത്തിന്‍റെ ആരവങ്ങൾ കേൾക്കാം. വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ വഴി ഇല്ലാത്തതുകൊണ്ട് എസ്റ്റേറ്റിലൂടെ സാഹസികമായി ഇറങ്ങണം.പാറക്കെട്ടുകളിൽ നിന്ന് കുത്തനെ താഴേക്ക് പതിക്കുന്ന പെരുമ്പൻകുത്തിന് മഴക്കാലമായാൽ രൗദ്രഭാവമാണ്.

ആനകുളത്തെ കാട്ടാനകളുടെ ബിവറേജ്.!! എന്നാണ് നാട്ടുകാർ പൊതുവേ വിശേഷിപ്പിക്കുന്നത് . എന്തായാലും അവടെ വന്ന് വെള്ളം കുടിക്കാതിരിക്കാൻ ആനകൾക്ക് പറ്റില്ല എന്നത് വേറെ കാര്യം. അതും തൊട്ടുമുന്നിൽ ആൾക്കാർ നിൽക്കുന്നുണ്ടെങ്കിലും നമ്മളെയൊന്നും കണ്ട ഭാവം പോലുമുണ്ടാവില്ല. വളരെ ശാന്തരായി നിന്ന് വെള്ളം കുടിച്ചോളും. ഇവിടെ കാട്ടാനക്കൂട്ടങ്ങൾ വെള്ളം കുടിക്കാൻ എത്തുന്നതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.ചിലപ്പൊ പത്തോ ഇരുപതോ ആനകളൊക്കെ നിറഞ്ഞ് നിൽക്കുന്നത് കാണാം..

ഏതാനും കടകളും പള്ളിയും ക്ഷേത്രവും ഉള്ള ഈ ഗ്രാമത്തെ കാടുമായി ബന്ധിപ്പിക്കുന്നത് ഒരു കൊച്ച് അരുവിയാണ്.ആനകളുടെ വിഹാര കേന്ദ്രമായ ഈ അരുവി ഒരിക്കലും വറ്റാറില്ല എന്നതിന്‍റെ പ്രത്യേകത കൂടിയുണ്ട്.വേനലിന്‍റെ ഊഷ്മളത അസഹനീയവും, കാടിനുള്ളിലെ ഉറവകൾ വറ്റി തുടങ്ങുമ്പോഴാണ് ഇവർ പതിവായി എത്തുന്നത്.അരുവിയുടെ നടുവിൽ അവർ ഇവിടെ കുമിളകൾ പൊട്ടുന്ന കാഴ്ചകൾ കാണാം.

കുമിളകൾ ഉയർന്നുവരുന്ന ഭാഗത്തെ കല്ലുകൾ കാലുകൊണ്ട് നീക്കി തുമ്പിക്കൈ ഉള്ളിലേക്ക് താഴ്ത്തിയാണ് ധാതു സമ്പുഷ്ടമായ ഉപ്പ് വെള്ളം ആനക്കൂട്ടങ്ങൾ കുടിക്കുന്നത്.സോഡ കുടിച്ചു ഉന്മത്തരായ ഇവർ ജലകേളികളിൽ ആടി തിമിർത്തു കാഴ്ചക്കാർക്ക് വിരുന്നൊരുക്കാറുണ്ട്. അമ്മയെ ചുറ്റിപ്പറ്റി ഇറങ്ങുന്ന കുട്ടിക്കൊമ്പന്മാർക്ക് മത്തുപിടിച്ചാൽ ഉള്ള കാഴ്ച കൗതുകകരമാണ്.ഏകദേശം 30 അല്ലെങ്കിൽ 50 പേരടങ്ങുന്ന കാട്ടാനക്കൂട്ടത്തെ കാണണമെങ്കിൽ പ്രദേശവാസിയായ രവി ചേട്ടൻ പറയുന്നത്. കാടിനുള്ളിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ചു പോയാൽ നാടുമായി ബന്ധമില്ലാത്ത ആദിവാസി ഊരുകളുണ്ട്. ഇവർക്ക് ഇതൊന്നും ഒരു അത്ഭുത ഉറവയാണ്.

കാടിനെ നാടിനെയും ഒന്നിപ്പിക്കുന്ന അരുവിയെക്കുറിച്ചും,മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്ന ഒരെണ്ണം കുറിച്ചും പുറംലോകം അറിയാനിടയായത് 1989 ലെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ജേണലിൽ വന്ന ഒരു കൊച്ചു ലേഖനത്തിലൂടെയാണ്. മനുഷ്യനും മൃഗങ്ങളുമായുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന പ്രകൃതിയിലെ പ്രതിഭാസങ്ങളാണ് ഇത്തരം ശബ്ദങ്ങൾ. അരുവിയിലെ ഒരിടവും അവ സംരക്ഷിക്കുന്ന പ്രദേശവാസികളും അവർക്കെന്നും പ്രിയമാണ്.