ന്യൂഡൽഹി : 7 മാസത്തോളമായി അബോധാവസ്ഥയിൽ കഴിയുന്ന 23 കാരിയായ പെൺകുഞ്ഞിന് ജന്മം നൽകി. ന്യൂഡൽഹി ബുലന്ദ്ഷഹറിലാണ് ഈ അത്യപൂർവ്വമായ സംഭവം നടക്കുന്നത്. ‌കഴിഞ്ഞ ആഴ്ച്ചയാണ് യുവതി എയിംസ് ആശുപത്രിയിൽ കുഞ്ഞിനു ജന്മം നൽകുന്നത്.  

ഈ വർഷം മാർച്ച് 31 ന് ഭർത്താവിനൊപ്പം ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയക്കി മരണത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും അബോധാവസ്ഥയിൽ തുടരുകയായിരുന്നു.അപകട സമയം യുവതി ഹെൽമെറ്റ് ധരിക്കാതിരുന്നതിനാൽ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. യുവതി കണ്ണുകൾ തുറക്കുന്നുണ്ടെങ്കിലും മറ്റൊരു പ്രതികരണവും തരുന്നിലെന്നാണ് ഡോക്ടർമാർ പറയുന്നത്. “അവൾ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിൽ ഇന്ന് അവളുടെ ജീവിതം മറ്റൊന്നാകുമായിരുന്നു,” ഡോക്ടർ ഗുപ്ത പറഞ്ഞു. 

അപകടം സംഭവിച്ച് ആശുപത്രിയിലെത്തിയപ്പോഴാണ് യുവതി 40ദിവസം ഗർഭിണിയാണെന്ന് അറിയുന്നത്. അപകടത്തിൽ ഗർഭസ്ഥശിശുവിന് അപകടമൊന്നും സംഭവിച്ചിരുന്നില്ല. ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായിരുന്നു യുവതിയുടെ ഭർത്താവ്. ഗർഭം ഛിദ്രം നടത്തണോ വേണ്ടയോ എന്ന തീരുമാനം ആശുപത്രി അധികൃതർ കുടുംബത്തിന് വിട്ടു. ഗർഭഛിദ്രത്തിന് കോടതിയെ സമീപിക്കുന്നതിന് പകരം കുഞ്ഞിനെ സംരക്ഷിക്കാനാണ് ഭർത്താവ് തീരുമാനിച്ചതെന്ന് ഡോക്ടർ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച എയിംസിലെ ഗൈനക്കോളജിസ്റ്റുകളുടെ നിരീക്ഷണത്തിലാണ് യുവതി പ്രസവിച്ചത്. മുലപ്പാൽ നൽകാൻ സാധിക്കില്ല എന്നതിനാൽ കുപ്പിപ്പാലാണ് കുഞ്ഞിന് നൽകുന്നത്.