തിരുവനന്തപുരം:  പാറശ്ശാലയിൽ ഷാരോണ്‍ രാജിന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. പെണ്‍സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ചതാണ് യുവാവിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷാരോണ്‍ മരിച്ചത്. 

ഷാരോണ്‍ കാരക്കോണം സ്വദേശിനിയുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് വീട്ടുകാര്‍ വിവാഹ ആലോചനവന്നതോടെ ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായി. കഴിഞ്ഞ 14-ാം തീയതി രാവിലെ ഷാരോണ്‍ രാജും സുഹൃത്ത് റെജിനും രാമവര്‍മ്മന്‍ ചിറയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. സുഹൃത്ത് റെജിനെ പുറത്ത് നിറുത്തി ഷാരോണ്‍ തനിച്ചാണ് വീട്ടിലേക്ക് പോയത്. കുറച്ച് കഴിഞ്ഞ് വീടിന് പുറത്ത് വന്ന ഷാരോണ്‍ പെണ്‍കുട്ടി നല്‍കിയ പാനീയം കഴിച്ച ഉടന്‍ ഛര്‍ദ്ദില്‍ അനുഭവപ്പെട്ടതായി റെജിനോട് പറഞ്ഞു. പിന്നീട്, അവശനായതിനാല്‍ തന്നെ വീട്ടില്‍ എത്തിക്കാനും റെജിനോട് ആവശ്യപ്പെട്ടു. 

ഉച്ചയ്ക്ക് ശേഷം ഷാരോണിന്‍റെ അമ്മ വീട്ടില്‍ എത്തിയപ്പോള്‍ ഷാരോണ്‍ രാജ്, ഛര്‍ദിച്ച് അവശനിലയില്‍ ആയിരുന്നു. ഷാരോണിനെ ഉടനെ പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ആന്തരിക അവയവങ്ങള്‍ ഉള്‍പ്പെടെ തകരാറിലായ ഷാരോണിന്‍റെ നില ഗുരുതരമായതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. 14-ാം തിയതിയാണ് ഷാരോണ്‍ പെണ്‍സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിക്കുന്നത്. 25-ാം തിയതിയോടെ മരണത്തിന് കീഴടങ്ങി. ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാറശാല പൊലീസിന് പരാതി നല്‍കി. 

അതേസമയം, ദിവസങ്ങള്‍ക്ക് മുന്‍പ് കളയിക്കാവിള മെതുകമ്മല്‍ സ്വദേശിയായ അശ്വിന്‍ (11), യൂണിഫോം ധരിച്ചെത്തിയ വിദ്യാര്‍ത്ഥി നല്‍കിയ ജൂസ് കുടിച്ച് ഏറെ നാള്‍ അവശനിലയിലായ ശേഷം മരണത്തിന് കീഴടങ്ങിയിരുന്നു. അശ്വിന്‍റെ മരണവും ഷാരോണ്‍ രാജിന്‍റെ മരണത്തിലും സമാനതകള്‍ ഏറെയാണെന്ന് കരുതുന്നു. അശ്വിനും ജൂസ് കഴിച്ച് അവശനിലയിലായി ഏറെ നാള്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. ജ്യൂസ് കഴിച്ച ആദ്യ ദിവസം ചെറിയ ക്ഷീണവും പിന്നീട് ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചുമാണ് അശ്വിനും മരണത്തിന് കീഴടങ്ങിയത്. ആസിഡിന് സമാനമായ  ദ്രാവകം കഴിച്ചതാണ് മരണകാരണമെന്നാണ് അശ്വിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ നിഗമനം.