ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും, കമ്പനിയിലെ ഉന്നത പദവിയിലിരുന്നവരെ പുറത്താക്കുകയും ചെയ്‌തതിന് പിന്നാലെ നിഗൂഢത നിറഞ്ഞ ട്വീറ്റുമായി എലോൺ മസ്‌ക്. ‘പക്ഷി സ്വതന്ത്രനായി’ എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റിൽ പറയുന്നത്. വ്യാഴാഴ്‌ച ട്വിറ്ററിന്റെ തലപ്പത്തേക്ക് എത്തിയ മസ്‌ക് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കമ്പനിയുടെ സിഇഒ പരാഗ് അഗർവാൾ ഉൾപ്പെടയുള്ള ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ തീരുമാനിച്ചത്.

മസ്‌കിന്റെ ഏറ്റെടുക്കൽ ഔദ്യോഗികമായി ട്വിറ്റർ പ്രഖ്യാപിച്ചിട്ടില്ല. ഇതിന് പുറമെ കരാർ വിശദാംശങ്ങളും ഇതുവരെയും കമ്പനി പുറത്തുവിട്ടിട്ടില്ല. ട്വിറ്റർ സിഇഒ പരാഗ് അഗർവാളിന് പുറമെ നിയമ-നയം-ട്രസ്‌റ്റ് മേധാവി വിജയ ഗദ്ദെ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ എന്നിവരാണ് മസ്‌കിന്റെ വരവോടെ പുറത്താക്കപ്പെട്ട പ്രമുഖർ.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ വ്യാജ അക്കൗണ്ടുകളുടെ പേരിൽ മസ്‌കിനെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാണ് ഇവർക്കെതിരായ നടപടി. ട്വിറ്ററിൽ സജീവമായ പരാഗ് അഗർവാൾ തന്റെ വിടവാങ്ങലിനെ കുറിച്ച് ഇതുവരെയും പ്രതികരണം ഒന്നും തന്നെ നടത്തിയിട്ടില്ല. അതേസമയം, ട്വിറ്റർ ജീവനക്കാരിൽ 75 ശതമാനത്തെയും പിരിച്ചുവിടാൻ മസ്‌ക് പദ്ധതിയിടുന്നതായി ഒരു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് നടന്നാൽ ട്വിറ്റർ ജീവനക്കാരുടെ എണ്ണം 7500ൽ നിന്ന് 2000 ആയി കുറഞ്ഞേക്കും.