ന്യൂഡല്‍ഹി: ദില്ലി കി യോഗശാല പദ്ധതി അടുത്ത മാസം നിർത്തലാക്കാനുള്ള തീരുമാനത്തിന് എതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പരിപാടി ഏകപക്ഷീയമായി നിർത്തിവയ്ക്കാൻ ബിജെപി ഉദ്യോഗസ്ഥ തലത്തിൽ സമ്മർദ്ദം ചെലുത്തുന്നതായി ആം ആദ്‌മി പാർട്ടിആരോപിച്ചു.

“ഡൽഹിയിലെ ജനങ്ങൾക്ക് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു, എന്ത് സംഭവിച്ചാലും ഇവരെ ദില്ലി കി യോഗശാല പദ്ധതിയെ തടയാൻ അനുവദിക്കില്ല. ഇവർ ഡൽഹിയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ നിങ്ങളുടെ ഈ മകൻ അവരെ അതിന് അനുവദിക്കില്ല. ഡൽഹിയിലെ ജനങ്ങൾക്കായി ഞങ്ങൾ സൗജന്യ യോഗ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. 17,000 പേർ ഇതിൽ പങ്കെടുക്കുകയും വലിയ ആനുകൂല്യങ്ങൾ നേടുകയും ചെയ്യുന്നുണ്ട്. ഏകദേശം 11,000 രോഗികളാണ് കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളിൽ നിന്ന് ഇതിലൂടെ തിരിച്ചു വന്നത്. സസ്‌പെൻഡ് ചെയ്യുമെന്ന ഭീഷണിയുൾപ്പെടെ ഉദ്യോഗസ്ഥരുടെ മേൽ എല്ലാവിധ സമ്മർദങ്ങളും ചെലുത്തി നവംബർ 1 മുതൽ ഏകപക്ഷീയമായി പദ്ധതി ഇല്ലാതാക്കാനാണ് അവരുടെ ശ്രമം” അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. 

ഡൽഹിയിൽ ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് വേദനയുണ്ടാക്കുന്ന കാര്യമാമാണെന്നും  കെജ്രിവാൾ കൂട്ടിച്ചേർത്തു. ഡൽഹിയിൽ യോഗാ ക്ലാസുകൾ നിർത്തുന്നതിനെ കുറിച്ച് സംസാരിക്കാൻ ലെഫ്റ്റനന്റ് ഗവർണറെ കാണുമെന്ന് മനീഷ് സിസോദിയ പറഞ്ഞു. ഫയൽ അദ്ദേഹത്തിന്റെ പക്കലുണ്ട്. ഉടനടി നടപടി സ്വീകരിച്ചില്ലെങ്കിൽ ചൊവ്വാഴ്‌ച മുതൽ ഡൽഹിയിൽ യോഗാ ക്ലാസുകൾ നിർത്തിവെക്കുമെന്നും, അത് ആയിരക്കണക്കിന് ആളുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി കി യോഗശാല പദ്ധതി: 

ഡൽഹി നിവാസികളെ ആരോഗ്യവാൻമാരായിരിക്കാൻ സഹായിക്കുന്നതിനായി ‘ദില്ലി കി യോഗശാല’ പരിപാടി കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. ഈ പ്രോഗ്രാമിന് കീഴിൽ, പരിശീലനം ലഭിച്ച വിദഗ്‌ധർ സൗജന്യമായി യോഗ പഠിപ്പിക്കുന്നു. കോവിഡിന് ശേഷമുള്ള സങ്കീർണതകൾ അനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് യോഗയിൽ നിന്ന് പ്രയോജനം ഉണ്ടായിട്ടുണ്ട്. നേരത്തെ ലോക്ക്ഡൗൺ കാലത്ത് ഓൺലൈൻ യോഗ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. 

യോഗയിലൂടെ, മിക്ക രോഗികളും ഒരാഴ്‌ചയ്ക്കുള്ളിൽ കോവിഡിൽ നിന്ന് മുക്തരായതായി ഒരു സർവേ വ്യക്തമാക്കുന്നു. യോഗ ചെയ്യുന്നതിലൂടെ ചുമ, ജലദോഷം, ശരീരവേദന, ഉറക്കമില്ലായ്‌മ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം ലഭിച്ചതായും സർവേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാണിക്കുന്നു. ഡൽഹിയിലെ 600ലധികം സ്ഥലങ്ങളിൽ ദിവസവും സൗജന്യ ക്ലാസുകൾ നടക്കുന്നുണ്ട്.