ന്യൂഡൽഹി: യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തി യുവതി. ഗുരുതരമായി പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഹരിയാനയിലെ സോനിപത്തിലാണ് സംഭവം. യുവാവിന്റെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് യുവതിയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മയൂർ വിഹാർ സ്വദേശിയായ ശ്യാമിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. 

മാതാപിതാക്കളുടെ മരണശേഷം സോനിപത്തിലെ അമ്മായിക്കൊപ്പമാണ് ശ്യാം താമസിച്ചിരുന്നത്. ഏകദേശം ഒരു മാസം മുമ്പാണ് അഞ്ജലിയെ ശ്യാം പരിചയപ്പെടുന്നത്. അതിനുശേഷം ഇരുവരും സുഹൃത്തുക്കളായി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഞ്ജലി അമ്മയ്ക്കൊപ്പം ശ്യാമിന്റെ വീട്ടിൽ വന്നിരുന്നു. വിവാഹത്തെ കുറിച്ച് സംസാരിക്കാനായിരുന്നു വീട്ടിലെത്തിയത്. എന്നാൽ ശ്യാമിന്റെ അമ്മായി അനിത വിവാഹത്തെ എതിർത്തു.

ഇതിനുശേഷം അഞ്ജലി ശ്യാമിനെ പിന്തുടരുന്നത് തുടർന്നു. അവസരം മുതലാക്കി ഒരു ദിവസം അഞ്ജലി ശ്യാമിന് നേരെ ആസിഡ് എറിഞ്ഞു. ഇതിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്നവർ ശ്യാമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ജലിയ്‌ക്കെതിരെ ആരോപണങ്ങളുമായി അനിത എത്തിയിട്ടുണ്ട്. 

‘അഞ്ജലി സോനിപത്തിലെ ബിദാൽ ഗ്രാമത്തിൽ നിന്നാണ്. ശ്യാമിനെ വിവാഹം കഴിക്കാൻ അഞ്ജലി ആഗ്രഹിച്ചിരുന്നു. അഞ്ജലിക്ക് വിവാഹിതയായിരുന്നു. അതിനാലാണ് ഈ ബന്ധത്തെ എതിർത്തത്. പിന്നാലെയാണ് ശ്യാമിന് നേരെ ആസിഡ് ആക്രമണം നടത്തുന്നത്. ഇക്കാര്യത്തിൽ കർശന നിയമനടപടി സ്വീകരിക്കണം’ അനിത പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.