തിരുവനന്തപുരം: ഒരിക്കലും ലാഭത്തിലാകില്ലെന്ന് കരുതിയ ഒരു പൊതുമേഖല സ്ഥാപനമാണ് കെഎസ്ആർടിസി (KSRTC). എങ്ങനെയൊക്കെ പരിഷ്കാരങ്ങൾ കൊണ്ടുവന്നാലും ശമ്പളത്തിനു വേണ്ടി സർക്കാരിനു (Kerala Government) മുന്നിൽ കെെനീട്ടേണ്ട അവസ്ഥ. സർക്കാർ കനിഞ്ഞു നൽകുന്ന പണം കൊണ്ട് കുടുംബം പുലർത്തേണ്ട സാഹചര്യത്തിലായിരുന്നു കെഎസ്ആർടിസി സജീവനക്കാരുടെ (KSRTC Employee) കുടുംബങ്ങൾ. എന്നാൽ യൂണിയനുകളുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങളാണ് കെഎസ്ആർടിസിയെ നഷ്ടത്തിലേക്ക് തള്ളിവിട്ടതെന്ന വാദമാണ് മാനേജ്മെൻ്റും സർക്കാരും ഉയർത്തിയത്. അതിനുപിന്നാലെ സ്വിഫ്റ്റ് പദ്ധതിയുമായി (SWIFT) മാനേജ്മെൻ്റ് രംഗത്തെത്തുകയും വിജയകരമായി അതു തുടർന്നു വരികയും ചെയ്യുന്നുണ്ട്. ജോലി ചെയ്താൽ കൂലി എന്ന സംവിധാനത്തിലേക്ക് കെഎസ്ആർടിസി മാറിയതോടെ മാറ്റങ്ങളും കണ്ടു തുടങ്ങിയിട്ടുണ്ട്. അതിനുദാഹരണമാണ് തിരുവനന്തപുരം നഗരത്തിൽ (Thiruvananthapuram City) പ്രധാന സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റു പ്രധാന കേന്ദ്രങ്ങൾ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ആരംഭിച്ച സിറ്റി സർക്കുലർ സർവ്വീസ് ലാഭത്തിലേക്ക് അടുക്കുകയാണെന്ന റിപ്പോർട്ടുകൾ. 

കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ബസുകളുടെ വരുമാനം ലാഭത്തിലേക്കെന്നാണ് പുതിയ വാർത്തകൾ. ജൻ്റം ഡീസൽ ബസുകൾ ഉപയോ​ഗിച്ചായിരുന്നു സിറ്റി സർക്കുലർ സർവ്വീസുകൾ നടത്തിയിരുന്നത്. നഷ്ടങ്ങളുടെ കണക്കുകൾ മാത്രമാണ് ആരംഭത്തിൽ ഈ സർവ്വീസിന് പറയാനുണ്ടായിരുന്നത്. തുടക്കത്തിൽ ആയിരത്തോളം യാത്രക്കാർ മാത്രമായിരുന്നു ഈ സർവ്വീസ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് 34,000ത്തിലധികം യാത്രക്കാർ ദിനംപ്രതി സിറ്റി സർക്കുലർ സർവ്വീസുകളിൽ യാത്ര ചെയ്യുന്നുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ ദിവസേന 50,000 യാത്രക്കാർ എന്ന ലക്ഷ്യത്തിൽ എത്തുമെന്നും കെഎസ്ആർടിസി പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. 

ഈ വർഷം ഓഗസ്റ്റുവരെ വൻ നഷ്ടത്തിലാണ് സിറ്റി സർക്കുലർ സർവ്വീസ് മുന്നോട്ടു പോയിരുന്നത്. എന്നാൽ ഓഗസ്റ്റോടെ കഥമാറി.  25 പുതിയ ഇലക്ട്രിക് ബസുകൾ യാത്രയ്ക്കായി എത്തിയതോടെ സർവ്വീസ് ലാഭത്തിലേക്ക് മാറുന്ന ലക്ഷണങ്ങൾ കാട്ടുകയായിരുന്നു. മുൻപ് ഡീസൽ ബസുകൾ സർവ്വീസ് നടത്തിയിരുന്ന സമയത്ത് കിലോമീറ്റർ 74 രൂപയായിരുന്നു ചിലവ്. എന്നാൽ വരുമാനം 35 രൂപ മാത്രമായിരുന്നു. ചുരുക്കി പറഞ്ഞാൽ വൻ നഷ്ടം. എന്നാൽ ഇലക്ട്രിക് ബസുകളിൽ വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവ ഉൾപ്പെടെ ഒരു കിലോമീറ്റർ സർവീസ് നടത്താൻ 23 രൂപമാത്രമാണ് ചിലവ് വരുന്നത്. ലാഭം പത്തുരൂപയിലധികം. ഡീസൽ ബസിന് പകരമായി ഇലക്ട്രിക് ബസ് ഉപയോ​ഗിച്ച് സർവീസ് നടത്തുമ്പോൾ ഇന്ധന ചിലവിൽ ഓ​ഗസ്റ്റ് മാസം 28 ലക്ഷം രൂപയും, സെപ്റ്റംബർ മാസം 32 ലക്ഷം രൂപയും ലാഭിക്കാനായി എന്നുള്ളത് മറ്റൊരു വസ്തുതയും. 

ഇലക്ടിക് ബസുകൾ കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ കീഴിലാണ് വരുന്നത്. സ്വിഫ്റ്റ് ജീവനക്കാരെ ഉപയോ​ഗിച്ച് സർവീസ് നടത്തുന്നതിനാൽ ജീവനക്കാരുടെ ശമ്പള ഇനത്തിൽ ഒരു മാസം ശരാശരി 12 ലക്ഷം രൂപ ലാഭിക്കാൻ കഴിയുന്നുണ്ടെന്നുള്ള കണക്കുകളാണ് പുറത്തു വരുന്നത്. പുതിയതായി നിരത്തിൽ ഇറക്കിയ ഇലക്ട്രിക് ബസുകൾക്ക് രണ്ടു വർഷത്തെ വാറൻ്റിയാണുള്ളത്. മാത്രമല്ല ഡീസൽ ബസുകളെപ്പോലെ ഓയിൽ മാറ്റുകയോ, മറ്റു അധിക ചിലവുകളോ ഇല്ല. മെയിൻ്റനൻസ് ചിലവിൽ വലിയ ലാഭമാണ് ഇതുമൂലമുണ്ടാകുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ ഒരു മാസം 25 ബസുകൾക്ക് ശരാശരി 1.8 ലക്ഷം രൂപയുടെ ലാഭം ഉണ്ടാകുന്നുവെന്നാണ് കണക്ക്. മൊത്തത്തിൽ കൂട്ടിക്കിഴിച്ചെടുക്കുമ്പോൾ പ്രവർത്തനലാഭം പ്രതിമാസം 40 ല​ക്ഷം രൂപയ്ക്കു മുകളിൽ പോകുന്നുമുണ്ട്. 

ഇലക്ട്രിക് ബസുകൾ വാങ്ങിയ ചിലവും ഇതിനൊപ്പം നികത്താനാകുമെന്നാണ് കണക്കുകൂട്ടൽ. ഒരു ബസിന് 92.43 ലക്ഷം രൂപയാണ് ചിലവായത്. കിഫ്ബിയാണ് വായ്പ നൽകിയത്. നാല് ശതമാനം പലിശ നിരക്കിലാണ് കിഫ്ബി വായ്പ നൽകിയിരിക്കുന്നത്. വായ്പ തിരിച്ചടവിന് രണ്ടു വർഷത്തെ മൊറട്ടോറിയവുമുണ്ട്. അതുകൊണ്ടുതന്നെ തിരിച്ചടവിൽ വലിയ പ്രതിസന്ധി നേരിടില്ലെന്നാണ് വിലയിരുത്തൽ. ഒരു ട്രിപ്പിന് 10 രൂപയാണ് ടിക്കറ്റ്. അതേസമയം ഒരു ദിവസത്തേക്ക് മുഴുവൻ യാത്ര ചെയ്യുന്നതിന് 30 രൂപ ടിക്കറ്റും ഉപയോഗിക്കാം. കൂടാതെ പുതിയതായി ആരംഭിച്ച കെഎസ്ആർടിസിയുടെ ട്രാവൽ കാർഡ് പരീക്ഷണാടിസ്ഥാനത്തിൽ സിറ്റി സർക്കുലർ സർവ്വീസുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രകൾക്ക് 10 രൂപയായതുകൊണ്ടുതന്നെ യാത്രക്കാരുടെ എണ്ണത്തിലും വലിയ വർദ്നവാണ് പ്രതിമാസമുണ്ടായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഡീസൽ ബസിൻ്റെ നീളത്തേക്കാൾ ഇലക്ട്രിക് ബസുകളുടെ നീളം കുറവാണെന്നുള്ളതിനാൽ സിറ്റിയിലെ ഇട റോഡുകളിലും, തിരക്കിലും ആയാസമില്ലാതെ സർവീസ് നടത്താൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. 50 ഇലക്ട്രിക് ബസുകൾ നിലത്തിൽ ഇറങ്ങുമ്പോൾ പ്രതിമാസം ശരാശരി 50 ലക്ഷം രൂപയ്ക്ക് മുകളിൽ ഡീസൽ ചിലവിൽ ലാഭം ഉണ്ടാകുമെന്നാണ് കെഎസ്ആർടിസി കണക്കുകൂട്ടിയിരിക്കുന്നത്.