കൊച്ചി: വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി (high court). റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂവെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി, കർശന നടപടിയിലേക്ക് കടക്കാൻ കോടതിയെ നിർബന്ധിതമാക്കരുതെന്നും സമരക്കാരോട് പറഞ്ഞു. വിഷയത്തിൽ അദാനി (adani group) നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു പരാമര്‍ശം. ഹര്‍ജി തിങ്കളാഴ്‌ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.

സമരം കാരണം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും തടസപ്പെടുത്തുന്നുവെന്നാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. സമരം അക്രമാസക്തമാകുന്ന സാഹചര്യമാണ് ഉള്ളതെന്നും ഹർജിക്കാർ ആരോപിക്കുന്നു. എന്നാൽ റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂ എന്ന് വ്യക്തമാക്കിയ കോടതി, സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും അറിയിച്ചു. 

കർശന നടപടിയിലേക്ക് കടക്കാൻ കോടതിയെ നിർബന്ധിതമാക്കരുതെന്നും സമരക്കാർക്ക് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. സമരം പാടില്ലെന്ന് പറയാൻ കോടതിക്ക് കഴിയില്ല. പക്ഷേ നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ഇടക്കാല ഉത്തരവുകൾ കർശനമായി നടപ്പിലാക്കണമെന്ന് കോടതി സർക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്‌തു.