ധാക്ക: ബംഗ്ലാദേശിൽ രണ്ട് ഹിന്ദു ക്ഷേത്രങ്ങൾ തീവ്രവാദി സംഘം തകർത്തു. ഒക്ടോബർ 23, 24 തീയതികളിലാണ് സംഭവം. ദിനാജ്പൂരിലും സിറാജ്ഗഞ്ചിലുമുള്ള ഹിന്ദു ക്ഷേത്രങ്ങളാണ് തീവ്രവാദി സംഘം തകർത്തത്. ഒക്ടോബർ 24 തിങ്കളാഴ്ച അർദ്ധരാത്രി ദിനാജ്പൂർ ജില്ലയിൽ കാളിയുടെ ഒരു ക്ഷേത്രമാണ് തീവ്രവാദ സംഘം തകർത്തത്. സമാനമായ രീതിയിൽ ഒക്ടോബർ 23 ന്, സിറാജ്ഗഞ്ചിലെ കാലാചന്ദ് ക്ഷേത്രവും അക്രമികൾ തകർത്തിരുന്നു.

സിറാജ്ഗഞ്ചിലെ സരസ്വതി ക്ഷേത്രമാണ് അക്രമികൾ തകർത്തത്. ക്ഷേത്രത്തിലെ സരസ്വതി ദേവിയുടെ തലയ്ക്ക് നാശനഷ്ടം സംഭവിച്ചതായി കാലാചന്ദ് ക്ഷേത്രം പ്രസിഡന്റ് പറഞ്ഞു. ദിനാജ്പൂരിലെ കാളി ക്ഷേത്രം അക്രമിച്ച സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം സിറാജ്ഗഞ്ചിലെ ക്ഷേത്രം തകർത്തതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സിറാജ്ഗഞ്ച് സദർ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർ ഹുമയൻ കബീർ പറഞ്ഞു. ദിനാജ്പൂരിലെ കേസിൽ റഷീദ് (22), ബെലാൽ (24), റോക്കി (20), തുഷാർ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയ രീതിയിലെ പ്രതിഷേധം ഉയർന്നിരുന്നു. 

കാളി ക്ഷേത്രം തകർത്തതിൽ പ്രതിഷേധിച്ച് ഹിന്ദു സമൂഹം ദിനാജ്പൂർ-രംഗ്പൂർ ഹൈവേ രണ്ട് മണിക്കൂറോളം ഉപരോധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.