ഡൽഹി: ആന്റി ഡസ്റ്റ് ക്യാമ്പയിനിന്റെ ഭാഗമായി ഡൽഹിയിൽ 253 ഇടങ്ങളിൽ നിയമലംഘനം കണ്ടെത്തുകയും ഇവരിൽ നിന്നായി ആകെ 32.4 ലക്ഷം രൂപ പിഴയായി ഈടാക്കുകയും ചെയ്‌തതായി റിപ്പോർട്ട്. ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ (ഡിപിസിസി) 33 ടീമുകൾ ഉൾപ്പെടെ ആകെ 586 സംഘങ്ങളാണ് ആന്റി ഡസ്റ്റ് ക്യാമ്പയിന് കീഴിൽ പരിശോധനക്കായി രൂപീകരിച്ചിരിക്കുന്നത്.

പരിസ്ഥിതി മന്ത്രി ഗോപാൽ റായിയുടെ അധ്യക്ഷതയിൽ ഡിപിസിസി, പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥർ ചേർന്നുള്ള യോഗം നേരത്തെ ആന്റി ഡസ്റ്റ് ക്യാമ്പയിനിന്റെ അവലോകനം നടത്തിയിരുന്നു. ആകെ 6868 നിർമാണ സ്ഥലങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ 253 സ്ഥലങ്ങൾക്ക് നോട്ടീസ്‌ നൽകുകയും, മാർഗനിർദേശങ്ങൾ ലംഘിച്ചതിന് 32.4 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്‌തതായി യോഗത്തിൽ അറിയിച്ചു.

തലസ്ഥാന നഗരത്തിലെ മലിനീകരണം കുറയ്ക്കുന്നതിനായി ഡൽഹി സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി ഗോപാൽ റായ് പറഞ്ഞു. ബയോ ഡീകമ്പോസർ സ്പ്രേ ചെയ്യൽ, വൃക്ഷത്തൈ നടീൽ ക്യാമ്പയിൻ, പടക്കങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം, മൊബൈൽ ആന്റി സ്മോഗ് ഗൺ ഉപയോഗിച്ച് വെള്ളം തളിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

“വിവിധ സംഘങ്ങൾ നിർമാണ സ്ഥലങ്ങൾ നിരന്തരം സന്ദർശിക്കുന്നുണ്ട്. അവിടെ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. നിർമ്മാണ സൈറ്റുകളിൽ 14 മാനദണ്ഡങ്ങൾ നടപ്പിലാക്കേണ്ടത് ആവശ്യമാണ്. ഒക്ടോബർ 6ന് ആരംഭിച്ച ഒരു മാസം നീണ്ടുനിൽക്കും. ഏതെങ്കിലും സൈറ്റ് നിയമങ്ങൾ പാലിക്കാൻ വിസമ്മതിച്ചാൽ, അവർക്കെതിരെ നടപടിയെടുക്കും” ഗോപാൽ റായ് വ്യക്തമാക്കി.

ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിർമ്മാണ സൈറ്റുകളിൽ നിയമം ലംഘിച്ചാൽ 10,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴ ചുമത്താം. ഗുരുതരമായ ചട്ടലംഘനം ഉണ്ടായാൽ നിർമ്മാണ സൈറ്റ് അടച്ചുപൂട്ടുകയും ചെയ്യാം.

പുതിയ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ടീമുകളിൽ നിന്ന് ദിവസേന റിപ്പോർട്ട് ശേഖരിക്കാൻ പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥർക്ക് എഎപി മന്ത്രി നിർദ്ദേശം നൽകി. നഗരത്തിൽ എവിടെയെങ്കിലും നിർമാണത്തിലോ, പൊളിക്കലുകളിലോ എന്തെങ്കിലും നിയമലംഘനം കണ്ടെത്തിയാൽ ജനങ്ങൾ ‘ഗ്രീൻ ഡൽഹി’ മൊബൈൽ ആപ്പിൽ പരാതിപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.