തിരുവനന്തപുരം: ഉമ്മൻചാണ്ടി മന്ത്രിസഭയെ സരിത എസ് നായർ പിടിച്ചു കുലുക്കിയതുപോലെ പിണറായി മന്ത്രിസഭയെ സ്വപ്ന സുരേഷ് മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. വെല്ലുവിളികളും വെളിപ്പെടുത്തലുകളുമൊക്കെയായി സിപിഎം- സ്വപ്ന സുരേഷ് പോര് മൂർച്ഛിച്ചുകൊണ്ടിരിക്കുന്നു. ഒന്നാം പിണറായി മന്ത്രിസഭയിലെ മൂന്നു മന്ത്രിമാർക്ക് എതിരെ നടത്തിയ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഞെട്ടിച്ചിരുന്നു. വെളിപ്പെടുത്തിലിന് മറുപടിയുമായി മൂന്നുപേരും രംഗത്തെത്തിയെങ്കിലും മറുപടിയുമായി സ്വപ്നസുരേഷ് വീണ്ടുമെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. മൂന്നു മുൻ മന്ത്രിമാരും ഇപ്പോൾ നിശബ്ദരായ മട്ടാണ്. 

സ്വപ്ന സുരേഷുമായി അരുതാത്ത ബന്ധമൊന്നുമില്ലെന്ന് വ്യക്തമാക്കി മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ രംഗത്തെത്തിയതോടെയാണ് അരയും തലയും മുറുക്കി സ്വപ്ന സുരേഷ് കളത്തിലിറങ്ങിയത്. ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ചുകൊണ്ടാണ് സ്വപ്ന സുരേഷ് എത്തിയതും. ശ്രീരാമകൃഷ്ണൻ്റെ ചില സ്വകാര്യ ചിത്രങ്ങളുൾപ്പെടെ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് മാനനഷ്ടക്കേസ് കൊടുക്കാൻ സ്വപ്ന വെല്ലുവിളിച്ചത്. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വസതിയിൽ വച്ച് ഒരുമിച്ച് മദ്യപിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള സ്വപ്നയുടെ ആരോപണങ്ങൾ ശ്രീരാമകൃഷ്ണൻ ഇന്നു തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമത്തിൽ ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യ ചിത്രങ്ങൾ സ്വപ്ന പങ്കുവച്ചത്. ശ്രീരാമകൃഷ്ണൻ സ്പീക്കറായിരിക്കെ ഓഫിസിൽ എത്തിയതിൻ്റെ ചിത്രവും പങ്കുവച്ചിരുന്നു. 

കേസ് കൊടുത്താൽ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ സാധിക്കുമെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു. `ശ്രീ.പി.ശ്രീരാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കുമുള്ള ലളിതവും വിനീതവുമായ മറുപടിയും ഒരു ഓർമപ്പെടുത്തലും മാത്രമാണ് ഇത്. ഇവ അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങൾ ഓർമിപ്പിക്കുന്നില്ലെങ്കിൽ, എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ആ മാന്യനോട് അഭ്യർഥിക്കുന്നു. അങ്ങനെയെങ്കിൽ ബാക്കി തെളിവുകൾ കൂടി ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കാൻ എനിക്ക് സാധിക്കും.´- സ്വപ്ന സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. 

അപ്രതീക്ഷിതമായ ഈ നീക്കത്തിനു പിന്നാലെ ശ്രീരാമകൃഷ്ണൻ നിശബ്ദനാകുന്ന കാഴ്ചകൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. സ്വപ്നയുടെ നീക്കത്തെ പ്രതിരോധിക്കുവാനുള്ള അമ്പുകളൊന്നും ശ്രീരാമകൃഷ്ണൻ്റെ ആവനാഴിയിലില്ലെന്നുള്ളതായിരുന്നു യാഥാർത്ഥ്യം. എന്നാൽ ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന സുരേഷ് രംഗത്തെത്തിയതോടെ പ്രതിസന്ധിയിലായത് മറ്റൊരാളായിരുന്നു. മുൻ ദേവസ്വം- ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു സ്വപ്ന സുരേഷ് ശ്രീരാമകൃഷ്ണനെതിരെ രംഗത്തെത്തിയതോടെ പ്രതിസന്ധിയിലായത്. സ്വപ്ന സുരേഷിൻ്റെ വീട്ടിൽ പോയിരുന്നുവെന്നും ചായകുടിച്ചുമെന്നുമുള്ള വെളിപ്പെടുത്തൽ അദ്ദേഹം തന്നെ നടത്തി `കുറ്റം സമ്മതിച്ചെ´ങ്കിലും പിന്നീട് ഇക്കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ലെന്നുള്ളതും ഈ ഭയപ്പാടിൻ്റെ ബാക്കിപത്രമാണ്. 

കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണത്ത് വച്ച് കടകംപള്ളി സുരേന്ദ്രനുനേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. പ്രവർത്തകരെ തടഞ്ഞ പൊലീസിനെ പതിവിനു വിപരീതമായി കടകംപള്ളി സുീരേന്ദ്രൻ കാറിൽനിന്നിറങ്ങി വിലക്കുകയാണ് ചെയ്തത്. തുടർന്ന് പ്രതിഷേധക്കാരുമായി സംസാരിക്കുവാനും അദ്ദേഹം ശ്രമിച്ചു. ഇതൊന്നും സാധാരണയായി ഒരു സിപിഎം ജനപ്രതിനിധയിൽ നിന്നുണ്ടാകുന്നതല്ല. തനിക്ക് പൊലീസ് സംരക്ഷണം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. തനിക്കെതിരെ നടക്കുമെന്ന് ഉറപ്പുള്ള പ്രതിഷേധങ്ങളെ നേരിൽക്കണ്ട് പറഞ്ഞുതീർക്കുന്ന രീതിയാണ് കടകംപള്ളി നിലവിൽ അവലംബിച്ചിരിക്കുന്നതെന്ന് വ്യക്തം. വലിയൊരു പ്രതിസന്ധി മുന്നിൽക്കണ്ടുകൊണ്ടുള്ള നീക്കങ്ങളാണ് കടകംപള്ളി നടത്തുന്നതെന്നുള്ളത് അദ്ദേഹത്തിൻ്റെ പുതിയ ശരീരഭാഷയിൽ നിന്നും വ്യക്തമാകുകയാണ്. 

സ്വർണക്കടത്തുകേസ് പ്രതി സ്വപ്നയുടെ വീട്ടിൽ പോയതായും ഫോട്ടോയെടുക്കുമ്പോൾ സ്വപ്നയുടെ തോളിൽ കൈയിട്ടതായും കടകംപള്ളിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യം കടകംപള്ളി നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരത്തിൽ നിഷേധിച്ച് രംഗത്തെത്തിയ മറ്റൊരു വ്യക്തിയായിരുന്നു ശ്രീരാമകൃഷ്ണൻ. ആ നിഷേധിക്കലിന് മിനിട്ടുകളുടെ ആയുസ്സുപോലുമുണ്ടായിരുന്നില്ല. സമുഹമാധ്യമങ്ങളിലൂടെത്തന്നെ മുൻ സ്പീക്കറുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവന്നതോടെെയാണ് മറുപടിയുടേയും നിഷേധിക്കലിൻ്റെയും മുനയൊടിഞ്ഞത്. അത്തരത്തിൽ താൻ ഭയക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മുൻ ദേവസ്വം വകുപ്പ് മന്ത്രി ഭയക്കുന്നുണ്ടെന്നുള്ള സൂചനകൾ തന്നെയാണ് പുറത്തു വരുന്നതും.