കോയമ്പത്തൂര്‍ : കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടക്കേസുമായി ബന്ധപ്പെട്ട് പോലീസ് വ്യാഴാഴ്ച രാവിലെ ആറാമത്തെ പ്രതിയെ അറസ്റ്റ് ചെയ്തു. കാര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ച മുബിന്ന്റെ ബന്ധുവായ അഫ്സര്‍ ആണ് പിടിയിലായത്. നേരത്തെ, അന്വേഷണത്തിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ ലാപ്ടോപ്പ് പിടിച്ചെടുത്തിരുന്നു.

ഞായറാഴ്ച രാവിലെയാണ് കോയമ്പത്തൂരില്‍ കാറിനുളളില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനമുണ്ടായത്. സംസ്ഥാന ഡിജിപി ശൈലേന്ദ്രബാബു വെളിപ്പെടുത്തലുകള്‍ നടത്തുന്നത് വരെ ഇതൊരു അപകടമായാണ് ആദ്യം കണക്കാക്കപ്പെട്ടിരുന്നത്. ‘ഞങ്ങള്‍ സ്‌ഫോടന സ്ഥലത്ത് നിന്ന് നഖങ്ങളും മാര്‍ബിള്‍ ബോളുകളും കണ്ടെത്തി. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, കരി, സള്‍ഫര്‍ തുടങ്ങിയ തീവ്രത കുറഞ്ഞ സ്ഫോടനത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ പിടിച്ചെടുത്തു, ഇത് നാടന്‍ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാറുണ്ട്.’ഡിജിപി പറഞ്ഞു.

കോയമ്പത്തൂരിനെ നടുക്കിയ കാര്‍ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. മുഹമ്മദ് ദല്‍ഖ, മുഹമ്മദ് അസ്ഹറുദ്ദീന്‍, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മായില്‍, മുഹമ്മദ് നവാസ് ഇസ്മായില്‍ എന്നിവരാണ് അറസ്റ്റിലായിരുന്നത്. ഇവരില്‍ ചിലര്‍ ഭാരമുള്ള വസ്തു കൊണ്ടുപോകുന്നതായി മുബിന്റെ വീടിന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍ കണ്ടിരുന്നു. റിയാസ്, നവാസ്, ഫിറോസ് എന്നിവര്‍ സ്ഫോടകവസ്തുക്കള്‍ കൊണ്ടുപോകാന്‍ മുബിനെ സഹായിച്ചതായും കോയമ്പത്തൂര്‍ കമ്മീഷണര്‍ ബാലകൃഷ്ണന്‍ പറഞ്ഞു. അന്വേഷണത്തില്‍ ഇവരില്‍ കുറച്ചുപേര്‍ കേരളത്തിലേക്ക് പോയതായും കണ്ടെത്തി. ഇവരില്‍ ചിലരെ 2019ല്‍ എന്‍ഐഎ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.