ഡവ് ഉൾപ്പെടെയുള്ള തങ്ങളുടെ ജനപ്രിയ എയ്‌റോസോൾ ഡ്രൈ ഷാംപൂ വിഭാഗത്തിൽപ്പെട്ട ബ്രാൻഡുകൾ ബഹുരാഷ്ട്ര കമ്പനിയായ യൂണിലിവർ തിരിച്ചുവിളിച്ചിരുന്നു. ക്യാൻസറിന് കാരണമായേക്കാവുന്ന ബെൻസീൻ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ ഉത്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കുന്നില്ലെന്ന് അറിയിച്ച് യൂണിലിവറിന്റെ അനുബന്ധ സ്ഥാപനമായ ഹിന്ദുസ്ഥാൻ യൂണിലിവർ(എച്ച്.യു.എൽ) എത്തിയിരുന്നു.

എന്നാൽ ക്യാസറിന് കാരണമാകുന്ന ഡവിന്റെ ഡ്രൈ ഷാംപൂകൾ ഇന്ത്യയിലും സുലഭമായി ലഭിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. ആമസോൺ ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ക്യാൻസറിന് കാരണമാകുന്ന ഷാംപൂകൾ എളുപ്പത്തിൽ ലഭ്യമാണെന്ന് കണ്ടെത്തി. 

ഡവ് ഡ്രൈ ഷാംപൂ നിർമ്മിക്കുന്നത് യൂണിലിവർ ആണ്. യുണിലിവർ ഡ്രൈ ഷാംപൂവിന്റെ നിരവധി ബ്രാൻഡുകളിൽ ബെൻസീൻ എന്ന അപകടകരമായ രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുഎസിൽ അടക്കം കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചിരുന്നു. പിന്നാലെയാണ് ഈ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിൽപ്പനയ്ക്ക് ലഭ്യമല്ലെന്ന് യുണിലിവറിന്റെ അനുബന്ധ സ്ഥാപനമായ ഹിന്ദുസ്ഥാൻ യുണിലിവർ (എച്ച്യുഎൽ) അറിയിച്ചത്.  

‘ഡവ്, നെക്ക്‌സസ്, സുവേവ്, ടിഗി, ട്രെസെമ്മെ എയറോസോൾ എന്നിവയുൾപ്പെടെ നിരവധി ഡ്രൈ ഷാംപൂകൾ യുഎസ് വിപണിയിൽ നിന്ന് കമ്പനി തിരിച്ചുവിളിച്ചിട്ടുണ്ട്. ഈ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കപ്പെടുന്നില്ല. കമ്പനി അത്തരം ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുകയോ വിൽക്കുകയോ ചെയ്യുന്നില്ല’ ഹിന്ദുസ്ഥാൻ യൂണിലിവർ വക്താവ് പറഞ്ഞു. 

‘ഹിന്ദുസ്ഥാൻ യുണിലിവർ ഇന്ത്യയിൽ ഡ്രൈ ഷാംപൂ നിർമ്മിക്കുകയോ വിൽക്കുകയോ ചെയ്യുന്നില്ല. യുഎസിൽ നിന്നും കാനഡയിൽ നിന്നും 2021 ഒക്ടോബറിനു മുമ്പ് നിർമ്മിച്ച ഡ്രൈ ഷാംപൂ തിരഞ്ഞെടുത്തത് യുണിലിവർ തന്നെ ശ്രദ്ധാപൂർവം തിരിച്ചുവിളിച്ചു. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് കമ്പനി ഈ തീരുമാനമെടുത്തത്’ എന്നും എച്ച്.യു.എൽ വക്താവ് കൂട്ടിച്ചേർത്തു.  

ബെൻസീൻ സാന്നിദ്ധ്യം കണ്ടെത്തിയ രണ്ട് ഷാംപൂകളും ആമസോണിൽ വിൽക്കുന്നുണ്ട്. 625 രൂപയാണ് ഇതിന്റെ വില. ഉത്പന്നങ്ങളിൽ നിന്നും ലഭിച്ച വിവങ്ങൾ അനുസരിച്ച്, അവ യുഎസിലെ യൂണിലിവർ നിർമ്മിക്കുകയും ഇന്ത്യയിൽ ഇറക്കുനതി ചെയ്യുന്നതുമാണ്. ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയായ യുണൈറ്റഡ് ഡിസ്ട്രിബ്രൂട്ടറാണ് ഇന്ത്യയിൽ ഷാംപൂ വിതരണത്തിനെത്തിയ്ക്കുന്നത്. 

കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ, നിരവധി ഉത്പന്നങ്ങളിലാണ് ക്യാന്‌സറിന് കാരണമാകുന്ന ബെൻസീൻ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്.  ജോൺസൺ ആൻഡ് ജോൺസൺ, ന്യൂട്രീജെന, എഡ്ജ്വെൽ പേഴ്സണൽ കെയർ കമ്പനിയുടെ ബനാന ബോട്ട്, ബെയേഴ്സ്ഡോർഫ് എജിയുടെ കോപ്പർടോൺ എന്നിങ്ങനെ നിരവധി എയറോസോൾ സൺസ്‌ക്രീനുകൾ വിപണിയിൽ നിന്നും പിൻവലിക്കപ്പെട്ടിട്ടുണ്ട്.