വാഷിങ്ടൺ: യുക്രെയ്‌നെ പിന്തുണക്കാനും ചൈനക്കെതിരെ നിലകൊള്ളാനും തീരുമാനിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക്കും. ഇരു നേതാക്കളും തമ്മിൽ നടത്തിയ ആദ്യ ചർച്ചയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

49 ദിവസം മാത്രം അധികാരത്തിലിരുന്ന ലിസ് ട്രസിന്റെ രാജിക്ക് ശേഷം പ്രധാനമന്ത്രിയായി സുനക് തെരഞ്ഞെടുക്കപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷം നടത്തിയ ചർച്ചയിലാണ് നേതാക്കൾ ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർച്ചയായ സാമ്പത്തിക ഉപരോധങ്ങളിലൂടെ പുടിന്റെ പ്രാകൃത ഭരണത്തിന്മേൽ സമ്മർദ്ദം ചെലുത്തുന്നത് തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇവർ ചർച്ച ചെയ്തു.

ചൈന ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. യു.കെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായി തുടരുമെന്ന് ബൈഡൻ പറഞ്ഞു. സ്ഥിരത വർധിപ്പിക്കുന്നതിനും ചൈനയുടെ സ്വാധീനത്തെ ചെറുക്കുന്നതിനുമുള്ള ഓക്കസ് ഉടമ്പടിയെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. അടുത്ത മാസം ഇന്തോനേഷ്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷ.

ബ്രെക്‌സിറ്റിനു ശേഷം വടക്കൻ അയർലണ്ടിലെ ക്രമീകരണങ്ങളെച്ചൊല്ലി സംഘർഷങ്ങൾ ഉണ്ടാവുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തിരുന്നു. യു.എസും ബ്രിട്ടനും തമ്മിലുള്ള ‘പ്രത്യേക ബന്ധം’ ബൈഡനും സുനക്കും സ്ഥിരീകരിച്ചിരിക്കുകയാണ്. കൂടാതെ ആഗോള സുരക്ഷക്കും മറ്റുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഇരുവരും പറഞ്ഞതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ ബ്രിട്ടീഷ് നേതൃത്വം കൂടുതൽ ശക്തമാകുമെന്ന് താൻ വിശ്വസിക്കുന്നതായി യുക്രെയിൻ പ്രസിഡന്‍റ് സെലൻസ്കി പറഞ്ഞു.