ന്യൂഡല്‍ഹി:  ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം ഭരണ ഘടനയുടെ 21-ാം അനുച്ഛേദപ്രകാരം മൗലിക അവകാശത്തിന്‍റെ ഭാഗമെന്ന് ഡല്‍ഹി ഹൈക്കോടതി. മതത്തിനോ മറ്റു വിശ്വാസങ്ങള്‍ക്കോ അതില്‍ സ്ഥാനമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

തങ്ങളുടെ ഇഷ്ടപ്രകാരമല്ലാതെ മകള്‍ വിവാഹം കഴിച്ചയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായ കുടുംബാംഗങ്ങളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ്, ഹൈക്കോടതി പരാമര്‍ശം. സ്വന്ത ഇഷ്‌ടപ്രകാരം വിവാഹം കഴിച്ചവര്‍ സുരക്ഷ തേടിയെത്തുമ്പോള്‍ പൊലീസ് കൂടുതല്‍ ചുമതലാബോധത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കോടാലി ഉപയോഗിച്ച് അവര്‍ യുവാവിന്‍റെ സ്വകാര്യ ഭാഗം തകര്‍ത്തു. അതിക്രൂരമായ ആക്രമണമാണ് യുവാവിനു നേരെ ഉണ്ടായതെന്നും ഇക്കാര്യത്തില്‍ പൊലീസിനു വീഴ്ച സംഭവിച്ചതായും കോടതി ചൂണ്ടിക്കാട്ടി.

സ്വന്തം വിവാഹം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിക അവകാശത്തിന്‍റെ നൈസര്‍ഗികമായ ഭാഗമാണ്. അതില്‍ മതത്തിനോ മറ്റു വിശ്വാസത്തിനോ കാര്യമൊന്നുമില്ല. വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ സത്തയാണെന്നും കോടതി പറഞ്ഞു.ദമ്പതികള്‍ക്കു സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. ഭീഷണിയുണ്ടെന്നു പരാതി ലഭിച്ചിട്ടും പൊലീസ് വേണ്ടത്ര ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ല. ഇതില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ പെരുമാറണം എന്നതില്‍ പൊലീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കേണ്ടതുണ്ടെന്ന് കോടതി കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കി. സ്വന്തം ഇഷ്ടപ്രകാരം നിയമപ്രകാരം വിവാഹിതരാവുന്നവര്‍ക്കു സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പൊലീസിനുണ്ടെന്ന് കോടതി വ്യക്തമാക്കി.കേസില്‍ പെണ്‍കുട്ടിയുടെ അമ്മയുടെയും അമ്മുമ്മയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. കുറ്റകൃത്യത്തില്‍ പങ്കില്ലെന്നു കണ്ട സഹോദരിക്കു ജാമ്യം അനുവദിച്ചു