തുടര്‍ച്ചയായി നടക്കുന്ന ആസൂത്രിത കൊലപാതകങ്ങളില്‍ ഭയന്ന് തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് മാത്രം പത്തോളം കശ്മീരി പണ്ഡിറ്റ് കുടുംബങ്ങള്‍ പലായനം ചെയ്തു. അടുത്തിടെ ചൗദരിഗുണ്ടിലെ പുരണ്‍ കൃഷന്‍ ഭട്ടിന്റെ കൊലപാതകത്തിന് പിന്നാലെയാണ് പലായനം. 35 മുതല്‍ 40 വരെ കാശ്മീരി പണ്ഡിറ്റുകള്‍ ഉള്‍പ്പെടുന്ന പത്ത് കുടുംബങ്ങളാണ് തങ്ങളുടെ ഗ്രാമത്തില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറിയതെന്ന് വധഭീഷണി നേരിടുന്ന ഒരു ചൗധരിഗുണ്ട് സ്വദേശി പിടിഐയോട് പറഞ്ഞു.

കശ്മീരി പണ്ഡിറ്റായിരുന്ന പുരണ്‍ കൃഷന്‍ ഭട്ട് ഒക്ടോബര്‍ 15 ന് അദ്ദേഹത്തിന്റെ വസതിക്ക് സമീപം വെച്ചാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. കര്‍ഷകനായിരുന്ന അദ്ദേഹത്തിന് 41കാരിയായ ഭാര്യയും ഒരു മകളും ഒരു മകനുമുണ്ട്. മകള്‍ അഞ്ചാം ക്ലാസിലും മകന്‍ ഏഴാം ക്ലാസിലുമാണ്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍, കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്‌സ് എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഇനിയും സമാനമായ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് സൂചന നല്‍കുകയും ചെയ്തു. 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ അനന്തരഫലമാണ് കൊലപാതകമെന്ന് കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ് ഒരു വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കശ്മീരി പണ്ഡിറ്റുകള്‍ക്കും ഇതര സംസ്ഥാനക്കാര്‍ക്കും നേരെയുള്ള ആക്രമണങ്ങളെ പരാമര്‍ശിച്ചായിരുന്നു മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ കശ്മീരില്‍ ആസൂത്രിത കൊലപാതകങ്ങളുടെ പരമ്പരയാണ് നടക്കുന്നത്. ഇരകളില്‍ പലരും കുടിയേറ്റ തൊഴിലാളികളോ കശ്മീരി പണ്ഡിറ്റുകളോ ആണ്.