ഇന്ത്യൻ വംശജയായ കൺസർവേറ്റീവ് പാർട്ടി എംപി സുവെല്ല ബ്രേവർമാനെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി  നിയമിച്ചു. നേരത്തെ ലിസ് ട്രസ് മന്ത്രിസഭയിൽ ഇതേ വകുപ്പ് കൈകാര്യം ചെയ്‌തിരുന്ന സുവെല്ല ഔദ്യോഗിക രേഖ സ്വന്തം ഇമെയിൽ മുഖാന്തരം അയച്ചെന്ന നിയമലംഘനം കാരണം രാജി വെക്കേണ്ടി വരികയായിരുന്നു. ഇത് കഴിഞ്ഞ് കേവലം 6 ദിവസങ്ങൾക്ക് ശേഷമാണ് ഇവരുടെ തിരിച്ചുവരവ്.

സർക്കാർ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഒക്‌ടോബർ 19നാണ് സുവെല്ല ബ്രേവർമാൻ ബ്രിട്ടന്റെ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവച്ചത്. അന്നത്തെ പ്രധാനമന്ത്രി ലിസ് ട്രസിന്റെ കീഴിലുള്ള സർക്കാരിന്റെ നിർദ്ദേശത്തെക്കുറിച്ചുള്ള ആശങ്കകളും അവർ രാജിക്കത്തിൽ ഉദ്ധരിച്ചിരുന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട കരട് ബില്ലിന്റെ മന്ത്രിതല പ്രസ്‌താവന അയച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഇവർക്ക് സ്ഥാനം നഷ്‌ടമായത്‌.

ലിസ് ട്രസിന്റെ ഭരണ തലത്തിലുള്ള കഴിവിനെക്കുറിച്ച് അവർ സംശയം പ്രകടിപ്പിച്ചിരുന്നു: “ഞങ്ങളുടെ വോട്ടർമാർക്ക് വാഗ്‌ദാനം ചെയ്‌ത പ്രധാന കാര്യങ്ങൾ ഞങ്ങൾ ലംഘിച്ചുവെന്ന് മാത്രമല്ല, പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങളെ മാനിക്കുന്നതിനുള്ള ഈ സർക്കാരിന്റെ പ്രതിബദ്ധതയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്” എന്നായിരുന്നു അവർ രാജിക്ക് മുൻപ് സംശയം പ്രകടിപ്പിച്ചത്.