ന്യൂഡല്‍ഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അഭിനന്ദിച്ച് സോണിയ ഗാന്ധി .തന്റെ പാര്‍ട്ടിയുടെ വിജയം ഇന്ത്യയുടെ വിജയത്തിന് തുല്യമാണെന്നും സോണിയ.ഖാര്‍ഗെയുടെ സത്യപ്രതിജ്ഞാ ചടങ്ങിലായിരുന്നു സ്ഥാനമൊഴിയുന്ന കോണ്‍ഗ്രസ് മേധാവിയുടെ പ്രസ്താവന. ‘പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ ജിയെ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ അഭിനന്ദിക്കുന്നു. ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.ഖര്‍ഗെ ജി ഒരു അനുഭവപരിചയമുള്ള നേതാവാണ്. ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വരെ തന്റെ കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രചോദനമാകാന്‍ പോകുകയാണ്’ സോണിയ ഗാന്ധി പറഞ്ഞു.കോണ്‍ഗ്രസിന്റെ നില മോശമായിക്കൊണ്ടിരിക്കുകയാണെന്നും അത് പരിശോധിക്കേണ്ടതുണ്ടെന്നു സമ്മതിക്കാനും അവര്‍ മടിച്ചില്ല.

‘മുമ്പും കോണ്‍ഗ്രസിന് വലിയ വെല്ലുവിളികളും അപകടങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഒരിക്കലും തോല്‍വി സമ്മതിച്ചില്ല. മുന്നോട്ടുള്ള വഴികളില്‍ നമ്മള്‍ പൊരുതി വിജയിക്കും. എനിക്ക് നല്‍കിയ പിന്തുണയ്ക്ക് ഞാന്‍ എല്ലാവരോടും നന്ദി പറയുന്നു. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സുഗമമായി നടത്തിയതിന് മധുസൂദനന്‍ മിസ്ത്രിയോട് ഞാന്‍ നന്ദി പറയുന്നു. സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്ക് മുന്നില്‍ നിരവധി വെല്ലുവിളികളുണ്ട്.രാജ്യത്ത് ജനാധിപത്യത്തിന് നേരെ ഉയര്‍ന്നുവരുന്ന അപകടത്തെ ചെറുക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

‘കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയില്‍ കഴിവിന്റെ പരമാവധി എന്റെ കര്‍ത്തവ്യം ചെയ്തു. ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഞാന്‍ മോചിതയാകുന്നതില്‍ എനിക്ക് ആശ്വാസം തോന്നുന്നു,’ അവര്‍ പറഞ്ഞു.ഇത്രയും വര്‍ഷമായി നിങ്ങള്‍ എനിക്ക് നല്‍കിയ ആദരവും വലിയ ഉത്തരവാദിത്തമായിരുന്നു. ഇനിമുതല്‍ ഈ ഉത്തരവാദിത്തം ഖാര്‍ഗെജിക്കാിരിക്കും.മാറ്റം പ്രകൃതിയുടെ നിയമമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.