തിരുവനന്തപുരം: ശബരിമലയിൽ ഡ്യുട്ടിക്കെത്തുന്ന പൊലീസുകാർക്ക് ഇനി മുതൽ സൗജന്യ ഭക്ഷണം ലഭിക്കില്ല. ശബരിമല ഡ്യൂട്ടിയ്ക്കെത്തുന്ന പൊലീസുകാർക്ക് നൽകിയിരുന്ന സൗജന്യ മെസ് സൗകര്യം ആഭ്യന്തര വകുപ്പ്   പിൻവലിച്ചതോടെയാണ് ഭക്ഷണത്തിനുള്ള വഴിയടഞ്ഞത്. ശബരിമല ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാർക്ക് പ്രതിദിന അലവൻസ് ലഭിക്കുന്നുണ്ട്. ഈ അലവൻസിൽ നിന്നും ഭക്ഷണം കഴിക്കണമെന്നാണ് അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്. പുതിയ തീരുമാനത്തിൻ്റെ പേരിൽ പൊലീസ് സേനയ്ക്കുള്ളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. 

ശബരിമലയിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് വർഷങ്ങളായി നൽകിവന്നിരുന്ന ഭക്ഷണത്തിനായുള്ള സൗജന്യ മെസ് സൗകര്യമാണ് ഈ വർഷം മുതൽ പിൻവലിച്ചിരിക്കുന്നത്. സൗജന്യ ഭക്ഷണം ലഭിക്കുന്ന മെസിൻ്റെ പ്രവർത്തനം നിർത്തിയതിനെതിരെ പൊലീസ് സേനയ്ക്കുള്ളിൽ കടുത്ത അതൃപ്തിയാണ് ഉയരുന്നത്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തായിരുന്നു ഭക്ഷണത്തിനുള്ള ഇളവ് ആദ്യമായി അനുവദിച്ച് നൽകുന്നത്. പിന്നീട് വന്ന ഉമ്മൻ ചാണ്ടി സർക്കാർ ഇത് പൂർണമായും സൗജന്യമാക്കുകയായിരുന്നു. ഈ രീത’തിയാണ് ഇപ്പോൾ അവസാനിപ്പിക്കുന്നത്. 

ശബരിമലയിൽ ഡ്യുട്ടിക്കായി എത്തുന്ന പൊലീസുകാരുടെ ഭക്ഷണത്തിനുള്ള മുഴുവൻ തുകയും സർക്കാരാണ് നൽകുന്നത്. അതേസമയം പൊലീസുകാർക്ക് ശബരിമല ഡ്യുട്ടിക്ക് അലവൻസും ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇനിമുതൽ സൗജന്യഭക്ഷണം നൽകാനാവില്ലെന്നാണ് ആഭ്യന്തര വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. 

ഇനിമുതൽ ഭക്ഷണത്തിനായി ഓരോ പൊലീസുകാരനും 100 രൂപ വീതം ദിവസവും നൽകേണ്ടിവരും.  പൊലീസുകാർക്ക് ദിവസേന നൽകുന്ന അലവൻസിൽ നിന്ന് നൂറ് രൂപ ഈടാക്കണമെന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. മാത്രമല്ല ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന എല്ലാ പൊലീസുകാരും ചേർന്ന് മെസ് കമ്മിറ്റിയുണ്ടാക്കണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സർക്കുലർ സംസ്ഥാനത്തെ പൊലീസ് സേനയ്ക്കുള്ളിൽ വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരിക്കുകയാണ്.