തിരുവനന്തപുരം: ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് പുതിയ തലത്തിലേക്ക്. ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരെയാണ് ഗവര്‍ണറുടെ പുതിയ നീക്കം. തനിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയ കെ.എന്‍.ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ തനിക്ക് അപ്രീതിയുണ്ടെന്ന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത് ചൂണ്ടിക്കാട്ടി ഇന്നലെ വൈകുന്നേരമാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കിയത്.

യുപിലെ സര്‍വ്വകലാശാല പ്രവര്‍ത്തനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ധനമന്ത്രി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. 50 ല്‍ കൂടുതല്‍ സെക്യൂരിറ്റിമാരാണ് യുപിയിലെ വൈസ്ചാന്‍സിലര്‍ക്ക് ഉള്ളതെന്നും ഇത്തരം സാഹചര്യം ശീലിച്ച് വന്നവര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു ബാലഗോപാലിന്റെ പരാമര്‍ശം.

ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണ് എന്നും ഗവര്‍ണറുടെ കത്തില്‍ പറയുന്നു. രാജ്യദ്രോഹപരമായ പരാമര്‍ശമാണ് ഇതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാല്‍ ധനമന്ത്രിയുടെ പ്രസംഗം ഗവര്‍ണറെ അപകീര്‍ത്തിപ്പെടുത്തുന്നതല്ലെന്ന് മുഖ്യമന്ത്രി നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.