ന്യൂഡൽഹി: ഇന്ത്യയിൽ വിവിധ ഇടങ്ങളിൽ ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് പ്രവർത്തന രഹിതമായതായി പരാതി. ഇന്ന് ഉച്ചക്ക് 12.45ഓടെയാണ് ജനപ്രിയ സാമൂഹിക മാധ്യമ, മെസ്സേജിങ് ആപ്പായ വാട്ട്‌സ്ആപ്പ് നിശ്ചലമായത്. നിലവിൽ ആപ്പിലൂടെ ഉപയോക്താക്കൾക്ക് (1.16 pm) സന്ദേശം അയക്കാനോ, സ്വീകരിക്കാനോ കഴിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഒരു മണിക്കൂറായി വാട്‌സ്ആപ്പില്‍ അയക്കുന്ന മെസേജുകളില്‍ ഡബിള്‍ ടിക്കില്ല. ഇതോടെ അത്യാവശ്യമായി മേസേജ് അയച്ചവര്‍ മൊത്തത്തില്‍ കണ്‍ഫ്യൂഷനിലായി.കിട്ടേണ്ടവര്‍ക്ക് മെസേജ് സെന്‍ഡ് ആയോ എന്നതാണ് വാട്ട്‌സപ്പ് ഉപഭോക്താക്കളുടെ സംശയം.

ഇതിനിടയില്‍ തന്‍റെ ഫോണ്‍ അടിച്ചുപോയെന്ന് കരുതിയവരും തന്‍റെ മാത്രം വാട്‌സ് ആപ്പിന്‍റെ കുഴപ്പമാണെന്ന് കരുതി അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് പുതിയത് എടുത്തവരടക്കം നിരവധിപേരാണ്.

ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ നിരവധി പേരുടെ പരാതികളാണ് വന്നിട്ടുള്ളത്. എന്നാൽ ആപ്പിന്റെ ഭാഗത്ത് നിന്നും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല. അതേസമയം ഇന്ത്യക്ക് പുറത്തും ആപ്പിന് സമാന പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നാണ് ട്വിറ്ററിൽ നിന്ന് ലഭിക്കുന്ന വിവരം. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഒരേസമയം ഉപയോക്താക്കൾ ഈ വിഷയം ഉന്നയിക്കുന്നുണ്ട്.